മൂന്ന് തവണ ബെല്‍ മുഴങ്ങും; കേരള മോഡൽ വാട്ടർ ബെൽ ആന്ധ്രയിലും

അമരാവതി: പൊള്ളുന്ന ചൂടില്‍ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരളത്തിലെ സ്കൂളുകളില്‍ വാട്ടർ ബെല്‍ സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു.അതേ മോഡലില്‍ വാട്ടർ ബെല്‍ സംവിധാനം തുടങ്ങിയിരിക്കുകയാണ് ആന്ധ്ര പ്രദേശും. മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിച്ച്‌ ബെല്‍ മുഴങ്ങുക.രാവിലെ 9.45നും 10.05നും 11.50നുമാണ് ആന്ധ്രയിലെ സ്കൂളുകളില്‍ വാട്ടർ ബെല്‍ മുഴങ്ങുകയെന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പ്രകാശ് അറിയിച്ചു. വിദ്യാർത്ഥികളില്‍ വെള്ളം കുടിക്കല്‍ ശീലമാക്കാൻ വേണ്ടിയാണ് ബെല്ലടിച്ചുള്ള ഈ ഓർമപ്പെടുത്തലെന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി പറഞ്ഞു. ആന്ധ്രയിലെ 68 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടതായി ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) അറിയിച്ചു. 

Advertisements

ഒൻപത് ഇടത്ത് കടുത്ത ഉഷ്ണതരംഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം മുൻ വർഷങ്ങളിലും വാട്ടർ ബെല്‍ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്കൂളുകള്‍ക്ക് സ‍ർക്കാർ നല്‍കുന്ന നിര്‍ദേശം. കേരളത്തിലെ സ്കൂളുകളില്‍ വാർഷിക പരീക്ഷ ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ സംവിധാനം തുടങ്ങിയിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നേരത്തെ തന്നെ നിർദേശം നല്‍കിയിരുന്നു. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണമെന്നും നിർദേശിച്ചിരുന്നു.

Hot Topics

Related Articles