മെക്‌സിക്കോസിറ്റി: ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ചെക്കിയയെ തകർത്ത് കൊറിയൻ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയ ചെക്കിയയെ തകർത്തത്. മത്സരത്തിൽ ആദ്യം മുതൽ കിടിലൻ കളി കളിച്ചത് ഏഷ്യൻ ടീമായ കൊറിയയായിരുന്നു. ഉയരക്കുറവിനെ ഗ്രൗണ്ട് പാസുകൾ കൊണ്ടു മറികടന്ന കൊറിയ ആദ്യ പകുതിയിൽ പല തവണ ചെക്കിയയുടെ ഗോൾ പോസ്റ്റിനെ വിറപ്പിച്ചു. ആദ്യ പകുതിയിൽ അറുപത് ശതമാനത്തിനു മുകളിൽ പന്ത് കൈവശം വച്ച് കൊറിയ താരങ്ങൾ ചെക്കിയയുടെ ഗോൾ പോസ്റ്റിനു മുകളിൽ വട്ടമിട്ടു പറന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോൾ അകന്നു നിന്നു.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ചെക്കിയയുടെ ആദ്യ ഗോൾ ശ്രമമമാണ് കാണികൾ കണ്ടത്. കോർണറിൽ നിന്നും ലഭിച്ച ഷോട്ട് പക്ഷേ ഗോളാകാതെ മടങ്ങി. എന്നാൽ, 59 ആം മിനിറ്റിൽ കളിയുടെ ഗതിയ്ക്ക് വിപരീതമായി ആ ഗോൾ എത്തി. ഗോൾപോസ്റ്റിലേയ്ക്കുള്ള നേരിട്ടുള്ള ത്രോയിൽ തല വച്ച ചെക്കിയ ക്യാപ്റ്റൻ ലാഡിസ്‌ളാവ് കെർജിക്ക് പന്തിനെ വലയ്ക്കുള്ളിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോൾ വീണതോടെ കൊറിയ പടവീണ്ടും ഇളകി. ഗോളിനു പിന്നാലെ ഗാലറിയിലെ കൊറിയൻ ആരാധകർ നിശബ്ദരായെങ്കിലും, ആർത്തിരമ്പിയെത്തിയ കൊറിയൻ കാലാൾപട ചെക്കിയ ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. പലപ്പോഴും ചെക്കിയ ഗോൾ കീപ്പറുടെ നീട്ടിപ്പിടിച്ച കൈകളാണ് ഗോൾ മുഖത്ത് വലിയ നാശനഷ്ടമൊഴിവാക്കിയത്. ഒടുവിൽ 67 ആം മിനിറ്റിൽ ഒരു മണിക്കൂറിലേറെ നീണ്ട കൊറിയൻ അധ്വാനത്തിന് ഫലമുണ്ടായി. ഹവാങ് ഇൻബിയോണിന്റെ തന്ത്രപരമായ കളിയിൽ ഗോൾകീപ്പർ അടക്കം മൂന്ന് ചെക്കിയൻ താരങ്ങളെ മറികടന്ന് പന്ത് വലയിൽ.
സമനില പിടിച്ചെങ്കിലും വിജയം തന്നെ വേണമെന്ന വാശിയിലായിരുന്നു കൊറിയൻ ക്യാമ്പ്. ഗോൾ അടിച്ചെങ്കിലും ആക്രമണം അവസാനിപ്പിക്കാൻ കൊറിയ സന്നദ്ധമായിരുന്നില്ല. നിരന്തരം ചെക്കിയ ഗോൾ മുഖത്ത് കൊറിയ നടത്തിയ ആക്രമണത്തിന് ഫലമുണ്ടാകുകയും ചെയ്തു. ആദ്യ ഗോൾ ഇടത് വിങ്ങിൽ നിന്നായിരുന്നു എങ്കിൽ രണ്ടാം ഗോൾ വലത് വിങ്ങിൽ നിന്നെത്തി. ഒഹ് ഹൈയ്യോൺഗൂവിന്റെ ഷോട്ട് വലയിൽ കയറിയതോടെ മത്സരത്തിൽ നിർണ്ണായകമായ ലീഡ് കൊറിയ നേടി. പിന്നീട് പല തവണ ചെക്കിയ ആക്രമണം കടുപ്പിച്ചെങ്കിലും മത്സരത്തിൽ ഒരു തവണ പോലും പന്ത് വീണ്ടും വലയിൽ എത്തിക്കാൻ ചെക്കിയയ്ക്ക് സാധിച്ചില്ല.


