നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച വാഗമണ്ണിലെ സ്ഥലത്ത് അനധികൃത നിർമ്മാണ പ്രവർത്തനമെന്ന് പരാതി; പരാതി പറയാൻ വിളിച്ച് പൊതുപ്രവർത്തകനോട് വില്ലേജ് ഓഫിസർ മോശമായി പെരുമാറി 

വാഗമൺ: നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം നിലനിൽക്കുന്ന വാഗമണ്ണിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായി പരാതി. വാഗമണ്ണിൽ നിയമം കാറ്റിൽ പറത്തി നിർമാണങ്ങൾ നടന്നിട്ടും വില്ലേജ് ഓഫീസ് അധികാരികൾ കണ്ണടച്ച് മൌനാനുവാദം നൽകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വാഗമണ്ണിൽ 724 ആം നമ്പർ പട്ടയത്തിൽ മൂന്ന് അടിയിൽ കൂടുതൽ താഴ്ത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്നിരിക്കെയാണ് അനധികൃത നിർമ്മാണം നടത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ദിവസങ്ങളോളമായി ഇത്തരത്തിൽ ഇവിടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതു സംബന്ധിച്ചുള്ള പരാതി അറിയിക്കാൻ വില്ലേജ് ഓഫിസറെ ഫോണിൽ ബന്ധപ്പെട്ട പൊതുപ്രവർത്തകനോട് വില്ലേജ് ഓഫിസർ മോശമായി പെരുമാറിയതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകൻ.

Advertisements

Hot Topics

Related Articles