ആർത്തിപ്പണ്ടാരങ്ങളും അഴിമതിക്കാരും ആയ ഒരു പറ്റം  കോട്ടയം നഗരസഭാ ഉദ്യോഗസ്ഥരും  ഭരണസമതിക്കാരും  ചേർന്ന് ഒരു ചെറുപ്പക്കാരന്റെ ജീവൻ എടുക്കുന്നത്, എനിക്ക്  നിസ്സഹായതയോടെ കണ്ട് നിൽക്കേണ്ടി വന്നു : രാജധാനി കെട്ടിടം തകർന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ നിയമ പോരാട്ടം നടത്തിയ മഹേഷ് വിജയൻ എഴുതുന്നു 

കോട്ടയം : കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരത്തിലെ രാജധാനി ഹോട്ടൽ കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് ബീം മറിഞ്ഞ് വീണ് യുവാവ് മരിച്ചത്. ചങ്ങനാശേരി സ്വദേശിയായ യുവാവാണ് ഈ സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഈ വിഷയത്തിൽ ആദ്യം മുതൽ നിയമ പോരാട്ടം നടത്തുകയും , നഗരസഭ ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിടത്തിന് ബലക്ഷയമാണ് എന്ന് കണ്ടെത്തും വരെ നിയമ പോരാട്ടം നടത്തുകയും ചെയ്ത മഹേഷ് വിജയന്റെ ഫെയ്സ് ബുക്ക്  പോസ്റ്റാണ് കോട്ടയത്ത് ഇപ്പോൾ ചർച്ചാ വിഷയം. 

Advertisements

മഹേഷ് വിജയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കാണാം – 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരമൊരു ദുരന്തം ഒഴിവാക്കാൻ ഞാൻ എന്നാലാവുന്നത്  ചെയ്തു; പക്ഷേ, ആർത്തിപ്പണ്ടാരങ്ങളും അഴിമതിക്കാരും ആയ ഒരു പറ്റം  കോട്ടയം നഗരസഭാ ഉദ്യോഗസ്ഥരും  ഭരണസമതിക്കാരും  ചേർന്ന് ഒരു ചെറുപ്പക്കാരന്റെ ജീവൻ എടുക്കുന്നത്, എനിക്ക്  നിസ്സഹായതയോടെ കണ്ട് നിൽക്കേണ്ടി വന്നു.  

തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്  ബലക്ഷയം ഉണ്ടെന്ന് മനസ്സിലാക്കി 2015-ലാണ് ഞാൻ ആദ്യമായി പരാതി നല്കുന്നത്.  അന്നത്തെ ജില്ലാ കളക്ടറെ നേരിൽ കണ്ടും കാര്യത്തിന്റെ ഗൌരവം   ബോധിപ്പിച്ചിരുന്നു.  നഗരസഭയിൽ വിവരാവകാശ അപേക്ഷ നല്കി തുടർച്ചയായി വിഷയം ഫോളോഅപ്പ് ചെയ്തു.   ഒടുവിൽ 2020-ൽ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു.  

കെട്ടിടത്തിന് ഒരു ബലക്ഷയവും ഇല്ല എന്ന് അന്നത്തെ ചെയർപേഴ്സൺ പി. ആർ  സോന  പത്രങ്ങളിൽ വെണ്ടയ്ക്ക വലിപ്പത്തിൽ വാർത്ത നല്കി.  അതേ നിലപാട് തന്നെയാണ്  നഗരസഭ കോടതിയിൽ ആവർത്തിച്ചതും. കോളേജ് ഓഫ് എൻജിനിയറിംഗ്  തിരുവനന്തപുരത്തിന്റെ  (CET)  റിപ്പോർട്ട്  പ്രകാരം കെട്ടിടം ബലപ്പെടുത്താൻ ഹൈക്കോടതി നഗരസഭയ്ക്ക് നിർദ്ദേശം നല്കി.  

അതിനിടെ നഗരസഭ ഭരണ സമിതി മാറി. ഹൈക്കോടതി നിർദ്ദേശിച്ച സമയത്ത്, ബലപ്പെടുത്താൻ നഗരസഭയ്ക്ക് സാധിക്കാതെ വന്നതോടെ, കെട്ടിടം പൊളിച്ച് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു.  .  

ഒന്നര വർഷം കഴിഞ്ഞിട്ടും  തുടർനടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കോടതി അലക്ഷ്യവും ആയി ഞാൻ  വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.  അപ്പോൾ മാത്രമാണ് നടപടികൾക്ക്  കുറച്ചെങ്കിലും അനക്കം വെച്ചത്.  

കെട്ടിടത്തിന് ബലക്ഷയം ഇല്ല എന്നും പരാതിക്കാരനായ ഞാൻ ബിനാമി ആണ് തുടങ്ങി നിരവധി ആരോപണങ്ങളും ആയി വ്യാപാരികൾ എനിക്കെതിരെ  നിരന്തരം കുപ്രചരണങ്ങൾ നടത്തി; സമരം ചെയ്തു . ഒടുവിൽ, കോടതി ഇടപെടലിനെ തുടർന്ന്,  രാജധാനി ബാറൂം അതിന് താഴെയുള്ള  മീനാക്ഷി ലോട്ടറിയും  ഒഴികെയുള്ള എല്ലാ കടക്കാരേയും ഒഴിപ്പിച്ചു.  

എന്ത് വില  കൊടുത്തും രാജധാനി ബാർ ഇരിക്കുന്ന ഭാഗം പൊളിക്കില്ല എന്ന് നഗരസഭയും തീരുമാനിച്ചു.   ആ സമയം ബാറിന് ലൈസൻസ് ഉണ്ടായിരുന്നില്ല.  സൌകര്യം വർദ്ധിപ്പിച്ചാലേ ബാറിന് ലൈസൻസ് കിട്ടൂ.  കെട്ടിടം ബലപ്പെടുത്തുകയാണെങ്കിൽ അതെങ്ങനെ ചെയ്യണം എന്ന CET നിർദ്ദേശം ലംഘിച്ച്, സ്വന്തം നിലയിൽ തോന്നിയ പോലെ നിർമ്മാണ പ്രവർത്തനം നടത്താൻ  ബാർ മുതലാളിക്ക് നഗരസഭ അനുവാദം നല്കി.  വാളരെയധികം ക്രമക്കേടുകൾ അതിൽ തന്നെ ഉണ്ടായിരുന്നു. 

മുതലാളി ബാർ ഇരിക്കുന്ന ഭാഗത്തെ  അപകടാവസ്ഥ വ്യക്തമാക്കുന്ന, തുരുമ്പിച്ച കമ്പികൾ തള്ളി നിന്ന   സ്ലാബുകൾ , ബീമുകൾ എല്ലാം പ്ലാസ്റ്റർ ചെയ്ത് മറച്ചു പെയിന്റ് അടിച്ച്    ‘കുട്ടപ്പൻ’ ആക്കി.  എന്നിട്ടാ ദുർബല നിർമിതിയുടെ മുകളിൽ  മോടികൂട്ടാൻ പലതരം ഡിസൈൻ വർക്കുകൾ ചെയ്തു. അനധികൃതമായി ലിഫ്റ്റ് പിടിപ്പിച്ചു. എന്നിട്ട്,  നഗരസഭ  ഹൈക്കോടതിയിൽ ചെന്നു പറഞ്ഞു, ആ ഭാഗം പുതിയ കെട്ടിടം ആണ്,.  അത് പൊളിക്കേണ്ട ആവശ്യം ഇല്ല എന്ന് . കേസ് വാദിച്ച എന്റെ വക്കീലും ‘വിലയ്ക്ക്’ എടുക്കപ്പെട്ടതിനാൽ എതിർപ്പുകൾ    ഒന്നും ഉണ്ടായില്ല. 

ഇനി , പുതിയ ഒരു വക്കീലിനെ കണ്ടെത്തണം . 

ആ രാജധാനി ബാർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും കഴിഞ്ഞ ദിവസം വീണ സിമന്റ് പാളി  ഒരു ചെറുപ്പക്കാന്റെ ജീവനെടുത്തു.  ഇതൊരു അപകടമരണമല്ല. നഗരസഭ ആ ചെറുപ്പക്കാരനെ കൊന്നതാണ്. അതിന്  കാരണക്കാരായ ഉദ്യോഗസ്ഥർക്കും രാജധാനി ബാർ മുതലാളിക്കും എതിരേ കൊലക്കുറ്റത്തിന്  കേസ് എടുക്കാൻ വേണ്ട നടപടികൾ ഞാൻ ഉടൻ സ്വീകരിക്കും.  അവരിൽ നിന്നും ആ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം എങ്കിലും നേടിക്കൊടുക്കേണ്ടതുണ്ട്. 

അത്യധികം വ്യാസനത്തോടെ ഈ പോസ്റ്റ് എഴുതുമ്പോഴും, അടുത്ത ഇരയെ തേടി അപകടാവസ്ഥയിലായ  ബസ് സ്റ്റാൻഡ് കെട്ടിടം ഇപ്പോഴും അവിടെ തന്നെയുണ്ട്.  അടുത്ത നിർഭാഗ്യവാൻ ചിലപ്പോ ഞാനോ ഇത് വായിക്കുന്ന നിങ്ങളോ നിങ്ങളുടെ ഉറ്റവരോ ആര് വേണേലും ആകാം.  

കോടതി പൊളിക്കാൻ പറഞ്ഞ് മൂന്ന് വർഷമായിട്ടും നഗരസഭ  പൊളിക്കാൻ തയ്യാറാകുന്നില്ല. പൊളിച്ചാൽ രാജധാനി ബാറും  ഇടിഞ്ഞ് വീഴുമെന്ന് അവർ ഭയപ്പെടുന്നത് കൊണ്ടാകും. ആയിരം പേർ മരിച്ചാലും ബാർ മുതലാളിക്ക് പരിക്ക് പറ്റരുതല്ലോ.  തങ്ങളെ മാതം ഒഴിപ്പിക്കുകയും രാജധാനി ബാർ ഒഴിപ്പിക്കാതിരിക്കുകയും ചെയ്താൽ  കോടതിയിൽ പോകും എന്ന് ചാനലുകൾ മുമ്പാകെ വീമ്പിളക്കിയ  വ്യാപാരികളാവട്ടെ   മുട്ടയ്ക്ക്  അടയിരിക്കുകയാണ്. 

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന അധികാരികൾ ആണ് നമ്മുടെ നാടിന്റെ ശാപം. അവരെ ഉണർത്താന് ഏഴ് വർഷം ശ്രമിച്ച് പരാജയപ്പെട്ട ഒരുവനാണ് ഞാൻ. ദാരുണാന്ത്യം സംഭവിച്ച ആ ചെറുപ്പക്കാരന് ആദരാഞ്ജലികൾ. ഇവിടെ ഇനിയും  ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ. 

-മഹേഷ് വിജയൻ.

Hot Topics

Related Articles