വൈദ്യുതി ബിൽ അടച്ചില്ല; കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിലെ ഫ്യൂസ് ഊരി കെ.എസ്.ഇബി; നഗരസഭ ഓഫിസിലെ വൈദ്യുതി വിതരണം ഒരു പകൽ മുഴുവൻ മുടങ്ങി

കോട്ടയം: 1.38 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാതിരുന്ന കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. നഗരസഭയുടെ നഗരമധ്യത്തിലെ പ്രധാന ഓഫിസിന്റെ ഫ്യൂസ് ആണ് തിങ്കളാഴ്ച രാവിലെ കെ.എസ്.ഇ.ബി അധികൃതർ എത്തി ഊരിയത്. ഇതോടെ തിങ്കളാഴ്ച ഒരു പകൽ മുഴുവൻ കോട്ടയം നഗരസഭ ഓഫിസ് ജനറേറ്ററിന്റെ സഹായത്തോടെയാണ് പ്രവർത്തിച്ചത്. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചതിന് പിന്നാലെ വൈകിട്ടോടെ കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.ഇ.ബി ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി നഗരസഭ ഓഫിസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നഗരസഭയുടെ പ്രധാനപ്പെട്ട ഓഫിസിലെ വൈദ്യുതി ബില്ലാണ് അടയ്ക്കാൻ ഉദ്യോഗസ്ഥർ മറന്നത്. നിരവധി തവണ വിളിച്ച് അറിയിച്ചിട്ടും ബിൽ അടയ്ക്കാൻ നഗരസഭ അധികൃതർ തയ്യാറായില്ലെന്ന് പരാതി ഉണ്ട്. ഇതേ തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ ഓഫിസിൽ എത്തി ഫ്യൂസ് ഊരുന്ന സാഹചര്യമുണ്ടായത്. എന്നാൽ, എന്നിട്ടു പോലും തിങ്കളാഴ്ച തന്നെ ബില്ലടയ്ക്കാൻ ഉദ്യോഗസ്ഥരോ , ജീവനക്കാരോ തയ്യാറായില്ല. തുടർന്നാണ് നഗരസഭ അധ്യക്ഷ തന്നെ നേരിട്ട് കെ.എസ്.ഇബി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് തന്നെ ഇവർ സ്ഥലത്ത് എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. എന്നാൽ, ചൊവ്വാഴ്ച രാവിലെ മാത്രമാണ് കെ.എസ്.ഇ.ബിയുടെ ബില്ലായ 1.38 ലക്ഷം രൂപയുടെ ചെക്ക് കെ.എസ്.ഇബിയ്ക്ക് നഗരസഭ നൽകിയത്. എന്നാൽ, നഗരസഭ സെക്രട്ടറി മറ്റാർക്കും ചുമതല നൽകാതെ അവധിയെടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഇതാണ് കാരണമെന്നാണ് നഗരസഭ അധ്യക്ഷ അനൗദ്യോഗികമായി പറയുന്നത്. എന്നാൽ, ഇതിനെല്ലാം കാരണം നഗരസഭ ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് എന്നാണ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിക്കുന്നത്. എന്തായാലും കോട്ടയം നഗരസഭയിലെ കെടുകാര്യസ്ഥതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Hot Topics

Related Articles