കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയിൽ അട്ടിമറി നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹോട്ടലുകളെ രക്ഷിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് സാധാരണക്കാരുടെ ആരോഗ്യത്തെ പോലും സാരമായി ബാധിക്കുന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പന്ത്രണ്ട് ലക്ഷത്തിലേറെ വിറ്റുവരവുള്ള ഹോട്ടലുകാർക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസിന് പകരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി ഫീസിനത്തിൽ ഉദ്യോഗസ്ഥർ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഒന്നാം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ് തട്ടുകടക്കാർ ഒഴികെയുള്ളവർക്ക് രണ്ടാം തവണ ലൈസൻസ് നൽകണമെന്നാണ് ചട്ടം. എഫ്.എസ്.എസ്.എ.ഐ ഈ ചട്ടം നിർദേശിക്കുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇത് പാലിക്കാതെ രജിസ്ട്രേഷൻ വീണ്ടും പുതുക്കി നൽകുകയാണ് എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുള്ള ഹോട്ടലുകളിലെ ജീവനക്കാർക്ക് വേണ്ടി മാത്രമായി സർക്കാർ വിഭാവനം ചെയ്യുന്ന സൗജന്യ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്റ് സർട്ടിഫിക്കേഷൻ പരിശീലനത്തിന് ലൈസൻസുള്ള വൻകിട ഹോട്ടലുകളിലെ ജീവനക്കാർക്കും അവസരം നൽകി, സൗജന്യ ട്രെയിനിംങ് സംവിധാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി വിജിലൻസ് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരക്ഷിതമല്ലെന്നു കണ്ടെത്തി, ലാബുകളിൽ നിന്നും പരിശോധനാ ഫലം വരുന്ന ഭക്ഷ്യ സാമ്പിളുകളുടെ കേസുകളിൽ ഉത്പാദകർ അപ്പീൽ ഫയൽ ചെയ്യുകയാണ് എങ്കിൽ റഫറൽ ലാബുകളിലേയ്ക്ക് അയക്കുന്ന സാമ്പിളുകളിൽ ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നതായും, ഇത് വഴി റഫറൽ ലാബുകളിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം ഫലങ്ങളും അട്ടിമറിക്കപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലബുകളിൽ നിന്നും പരിശോധിച്ച് സുരക്ഷിതമല്ലെന്നു ഫലം ലഭിക്കുന്ന ഭക്ഷ്യസാമ്പിളുകളിൽ 90 ദിവസം കഴിഞ്ഞാൽ പ്രോസിക്യൂഷൻ പാടില്ലന്നാണ് ചട്ടം. ഇതിന് വേണ്ടി മനപൂർവം പരിശോധനയ്്ക്ക് സാമ്പിളുകൾ അയക്കുന്നത് വൈകിപ്പിക്കുന്നതായും വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ കോട്ടയം ഫുഡ് സേഫ്റ്റി അസി കമ്മീഷണർ ഓഫീസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, കടുത്തരുത്തി, എന്നീ ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഡിവൈഎസ്പിമാരായ വി.ആർ രവികുമാർ, മനോജ് കുമാർ പി.വി
ഇൻസ്പെക്ടർമാരായ പ്രതീപ് എസ് , മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്, സബ്ബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജെയ്മോൻ വി.എം
അനിൽ കുമാർ, ഗസറ്റഡ് ഓഫീസറായ ചങ്ങനാശ്ശേരി എൽ ആർ തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേത്രത്വത്തിലാണ് പരിശോധന