കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: നാഗമ്പടത്തെ കർണാടക ബാങ്കിനെതിരെ പ്രതിഷേധവുമായി മരിച്ച ബിനുവിന്റെ ബന്ധുക്കൾ : ബാങ്കിനു മുന്നിൽ മൃതദേഹം വച്ച് പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ

കോട്ടയം : കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ. കടുത്ത മാനസിക പീഡനമാണ് ബാങ്കിൻറെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മരിച്ച വ്യാപാരിയുടെ ഭാര്യയും പെൺമക്കളും ആരോപിച്ചു. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ്  കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ ബിനു കെ.സി (50) യെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അഞ്ച് ലക്ഷം രൂപയാണ് ബാങ്ക് ഓഫ് കർണാടകയുടെ നാഗമ്പടം ശാഖയിൽ നിന്നും ബിനു ബിസിനസ് ലോണായി എടുത്തിരുന്നത്. ഈ വായ്പയ്ക്ക് പതിനാലായിരം രൂപയായിരുന്നു ഒരു മാസം ഇഎംഐ ആയി അടച്ചിരുന്നത്. വായ്പ അടയ്ക്കുന്നതിനിടെ രണ്ടുമാസം കുടിശികയുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഈ 28,000 രൂപ ആവശ്യപ്പെട്ടാണ് ബാങ്ക് മാനേജർ അടക്കമുള്ളവർ ഭീഷണിയുമായി എത്തിയത് എന്നാണ് ബന്ധുക്കളുടെ പരാതി. നിരവധി തവണ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയും, കടയിലെത്തി മേശ വലിപ്പില്‍ നിന്നും പണം എടുത്തു കൊണ്ടുപോകുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടിശ്ശിക തുകയായ 28000 രൂപ അടച്ചുതീർത്തിട്ടും ബാങ്ക് ഭീഷണി തുടർന്നിരുന്നതാണ് ബന്ധുക്കളുടെ പരാതി. കട തുറന്നിരിക്കുന്ന സമയങ്ങളിൽ കടയുടെ മുന്നിൽ വന്നു നിൽക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി ബിനുവിന്റെ ഭാര്യ ഷൈനി ബിനുവും മകൾ നന്ദന ബിനുവും ആരോപിക്കുന്നു. മുൻപ് പലതവണ ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഭീഷണി ഉയർന്നിരുന്നില്ല. എന്നാൽ രണ്ടുമാസം മുൻപ് പുതിയ മാനേജർ ചുമതല ഏറ്റെടുത്തതോടെയാണ് ഭീഷണി മുഴക്കിയത് എന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. ഇത്തരത്തിൽ നിരന്തരം ഫോൺ വിളിച്ചുള്ള ഭീഷണിയും സ്ഥാപനത്തിലെത്തിയുള്ള ഭീഷണിയും തുടർന്നതോടെ മാനസിക ബുദ്ധിമുട്ട് നേരിട്ടാണ് ബിനു ജീവൻ ഒടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

തിങ്കളാഴ്ചയും സമാന രീതിയിൽ ബാങ്കിൽ നിന്ന് എത്തി ഭീഷണി മുഴക്കിയിരുന്നതായും , ഇതേ തുടർന്നാണ് ഇദ്ദേഹം വൈകിട്ട് വീട്ടിലെത്തി ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഭീഷണി മുഴക്കിയ ബാങ്ക് മാനേജർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ മൃതദേഹവുമായി ഉപരോധം നടത്തുമെന്നും ബന്ധുക്കൾ പറഞ്ഞു. മരിച്ച ബിനുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. ഭാര്യ :ഷൈനി ബിനു. മക്കൾ : നന്ദന ബിനു ( ഡിഗ്രി വിദ്യാർഥിനി) , നന്ദിത ബിനു (പത്താം ക്ലാസ് വിദ്യാർത്ഥിനി). 

Hot Topics

Related Articles