കോട്ടയം: രോഗത്തിൽ നിന്ന് സാധാരണക്കാരായ രോഗികളെ രക്ഷിക്കേണ്ട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചത് വലിയ വീഴ്ച. രണ്ടാഴ്ചയിലേറെയായി കോട്ടയം മെഡിക്കൽ കോളേജിലെ മലിന ജലം ശുദ്ധീകരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. ആശുപത്രിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാറ്റിൽ നിന്നുള്ള മലിനജലം ഒരു ശുദ്ധീകരണവും നടത്താതെ പുറത്തേയ്ക്ക് തള്ളുകയാണ്. ഈ ജലം ഒഴുകിയെത്തുന്നതാകട്ടെ നാടിന് മുഴുവൻ വെള്ളം നൽകുന്ന ശുദ്ധജല ശ്രോതസുകളിലേയ്ക്കും.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലക്ഷങ്ങൾ വിലമുടക്കി നിർമ്മിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണ് പ്രവർത്തിക്കാത്തത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഹോസ്റ്റലിനു സമീപത്തായാണ് ഈ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഈ പ്ലാന്റിൽ ആശുപത്രിയിലെ മുഴുവൻ ശുചിമുറിയിൽ നിന്നുള്ള ജലവും, ആശുപത്രിയിലെ ശസ്ത്രക്രിയ അടക്കമുള്ളവയ്ക്ക് ഉപയോഗിക്കുന്ന ജലവും എത്തിക്കും. ഈ ജലം ഇവിടെ ശുചീകരിച്ച് പുറത്തേയ്ക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, രണ്ടാഴ്ചയിലേറെയായി ഈ ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ളവ പുറത്തേയ്ക്കു തള്ളുകയാണ്. ഇവിടെയുള്ള ജീവനക്കാരിൽ ചിലർ തന്നെ ഇതിനെതിരെ പരാതി പറഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. പ്ലാന്റിന്റെ ചെറിയ തകരാർ മൂലമാണ് മലിനജലം സംസ്‌കരിക്കാൻ സാധിക്കാത്തത് എന്നാണ് മനസിലാക്കുന്നത്. എന്നാൽ, ഈ തകരാർ പരിഹരിക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജനവാസ മേഖലയിലേയ്ക്ക് അടക്കം ശുചിമുറി മാലിന്യം തുറന്നു വിടുന്ന അധികൃതരുടെ നടപടി തികഞ്ഞ അനാസ്ഥയാണ് എന്ന വാദവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.