പൊരിവെയിലിൽ നട്ടം തിരിഞ്ഞ് ജനം; പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ വെള്ളംകുടി മുടങ്ങി; കുടിവെള്ളം വിതരണം ചെയ്തയാൾക്ക് പണം നൽകാനാവാതെ നഗരസഭ; അടിയന്തര നടപടിയാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ

കോട്ടയം: പൊരിവെയിലിൽ ജനംകുടിവെള്ളമില്ലാതെ നട്ടം തിരിയുമ്പോൾ പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നഗരസഭയിൽ കുടിവെള്ള വിതരണം മുടങ്ങി. കോട്ടയം നഗരസഭയുടെ കോടിമത, നാട്ടകം, മുപ്പയിക്കാട്, മൂലവട്ടം, തിരുവാതുക്കൽ, കുമാരനല്ലൂർ എന്നിവിടങ്ങളിലെ ജനങ്ങളാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം വലയുന്നത്. നേരത്തെ പ്രദേശത്ത് നഗരസഭ വാട്ടർ ടാങ്കിൽ വെള്ളം വിതരണം ചെയ്തിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം വെള്ളം വിതരണം ചെയ്തതിന്റെ ഫണ്ട് വിതരണം ചെയ്യാനാവുന്നില്ല. ഇതോടെ വെള്ളം വിതരണം ഏതാണ്ട് മുടങ്ങിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സാധാരണക്കാർ ദുരിതത്തിലായിരിക്കുന്നത്. വെള്ളം വിതരണം ചെയ്തതിന്റെ പണം പകുതിയെങ്കിലും നൽകണമെന്നാണ് കരാറുകാരൻ ആവശ്യപ്പെടുന്നത്. എന്നാൽ, പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ഇതും നടക്കുന്നില്ല.

കടുത്ത വരൾച്ചയിൽ ഒരിറ്റ് വെള്ളത്തിനായി പാവപ്പെട്ട ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അധികാരികൾക്ക് എങ്ങനെ നിസ്സംഗത പാലിക്കാൻ കഴിയുന്നു എന്നും ഉടൻ തന്നെ ഈ വിഷയത്തിൽ സത്വര നടപടി ഉണ്ടാകണമെന്നും അഡ്വ. ഷീജ അനിൽ പറഞ്ഞു. വരൾച്ച ബാധിത പ്രദേശങ്ങളിൽ കുറച്ച് ദിവസങ്ങളായിട്ട് കുടിവെള്ളം ലഭിക്കുന്നില്ല. ഇവിടങ്ങളിലെ വിതരണക്കാരനെ ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടിവെള്ളം വിതരണം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട് എന്നാണ് പറഞ്ഞതെന്നും ഷീജ അനിൽ വ്യക്തമാക്കി.

Hot Topics

Related Articles