കോട്ടയം : കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷന് സമീപം റെയിൽവേ മേൽപ്പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് ചാടിയ യുവാവ് മരിച്ചു. ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി നിരഞ്ജൻ (39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപ്പാലത്തിലാണ് സംഭവം.
റോഡിലൂടെ നടന്നുവന്ന ഇയാൾ പാലത്തിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ട്രാക്കിന്സമീപത്തെ കുഴിയിൽ വീണ് കിടന്ന യുവാവിനെ ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.