സ്പെഷൽ സർവീസ് പ്രഖ്യാപിക്കാതെ കെ.എസ്.ആർ.ടി.സി; സർക്കാർ ഇടപെടണമെന്ന് ആവശ്യം

കോട്ടയം :ക്രിസ്മസ്–പുതുവല്‍സര ഉത്സവകാലത്ത് ട്രെയിന്‍– കെ.എസ്.ആര്‍.ടി.സി ബസ് സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഉത്സവകാലങ്ങളില്‍ ഒരുമാസം മുന്‍പ് മാത്രമാണു അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ക്കു കെ.എസ്.ആര്‍.ടി.സി ബുക്കിങ് ആരംഭിക്കുന്നത്. ദക്ഷിണ റയില്‍വേയാകട്ടെ സ്പെഷ്യല്‍ സര്‍വീസ് അനുവദിക്കുന്നതു വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു മു‍ന്‍പുമാത്രമാണ്. ഈരണ്ടു സംവിധാനങ്ങളും മറുനാടന്‍ മലയാളികള്‍ക്ക് ഉപകാരപെടാറില്ലെന്നാണു പ്രധാന ആക്ഷേപം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ഇടപടണമെന്ന ആവശ്യം ശക്തമാണ്.

ക്രിസ്മസ്–പുതുവല്‍സ ഉത്സവകാലം ഇത്തവണയും മറുനാടന്‍ മലയാളികളുടെ കീശ ചോര്‍ത്തും. പതിവുപോലെ ട്രെയിന്‍ ടിക്കറ്റുകളെല്ലാം മാസങ്ങള്‍ക്കു മുന്‍പേ ബുക്കിങ് പൂര്‍ത്തിയായി. സ്വകാര്യ ബസുകള്‍ ഒന്നരമാസം മുന്‍പേ ഫ്ലക്സി സംവിധാനത്തിലേക്കു മാറ്റി നിരക്ക് ഉയര്‍ത്തി തുടങ്ങി. പക്ഷേ ഇതൊന്നും കെ.എസ്.ആര്‍.ടി.സി അറിഞ്ഞിട്ടില്ല. ചോദിക്കുമ്പോള്‍ ആവുമ്പോള്‍ അറിയിക്കാമെന്ന മറുപടിയില്‍ ഒതുങ്ങുകയാണു കെ.എസ് ആര്‍.ടി.സിയുടെ ഉത്തരവാദിത്വം. കര്‍ണാടക ആര്‍.ടി.സി വെള്ളിയാഴ്ചയ്ക്കുശേഷം ബുക്കിങ് തുടങ്ങും. കേരള ബസുകളേക്കാള്‍ ഇവയില്‍ നിരക്കു കൂടുതലാണ്. കെ.എസ്.ആര്‍.ടിസിക്കു സേലം –കോയമ്പത്തൂര്‍ വഴി സ്പെഷ്യല്‍ സര്‍വീസിനു തമിഴ്നാടിന്റെ അനുമതി ലഭിച്ചിട്ടും പ്രഖ്യാപനം നീളുന്നതു ദുരൂഹമാണ്. രണ്ടുമാസം മുന്‍പെങ്കിലും ബുക്കിങ് തുടങ്ങണമെന്നാണ് ബെംഗളുരു മലയാളികളുടെ ആവശ്യം.സ്പെഷ്യല്‍ ട്രെയിനുകള്‍ മിക്കവയും പകല്‍ സമയത്താണ് ഓടുന്നത്. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും ഉപകാരപെടാറുമില്ല. ക്രിസ്മസ്–പുതുവല്‍സര ആഘോഷത്തിനൊപ്പം കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 10 ദിവസത്തേക്ക് അടയ്ക്കുന്നതിനാല്‍ നാട്ടിലേക്കു മടങ്ങാന്‍ വന്‍തിരക്ക്. നഴ്സിങ് കോളജുകള്‍ സ്വന്തം നിലയ്ക്കു ബസുകള്‍ ഏര്‍പ്പെടുത്തും.

Hot Topics

Related Articles