മരണപ്പാച്ചിൽ; മലപ്പുറത്ത് സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മലപ്പുറം : നിരത്തില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിലെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ട്രാൻസ്‌പോർട്ട് കമീഷണറുടെ പരാതി പരിഹാര സെല്ലില്‍ കിട്ടിയ പരാതിയുടെ അടി സ്ഥാനത്തില്‍ ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ഫെബ്രുവരി എട്ടിനാണ് സംഭവം. രാവിലെ 10.25ന് കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ആലുങ്ങലില്‍ യാത്രക്കാരെ കയറ്റാൻ നിർത്തിയതായിരുന്നു. ആ സമയത്ത് അപകടം ഉണ്ടാകുന്ന രീതിയില്‍ പുറകില്‍ വന്ന മറ്റൊരു സ്വകാര്യ ബസ് മനപ്പൂർവം മറികടന്ന് നിർത്തിയിട്ടിരുന്ന ബസിനെ ഇടിപ്പിക്കുകയായിരുന്നു.

പുല്ലാരയില്‍ നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസായിരുന്നു അപകടമുണ്ടാക്കിയത്. ആളെ കയറ്റാൻ നിർത്തിയിട്ട ബസിലെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ച ക്യാമറയില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം ബസുടമ ആർടിഒക്ക് പരാതി നല്‍കി. തുടർന്ന് ജില്ല ആർ.ടി.ഒ നടത്തിയ അന്വേഷണത്തില്‍ മഞ്ചേരി സ്വദേശിയായ ഡ്രൈവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. നിരത്തിലെ മത്സരയോട്ടങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കർശന നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.

Hot Topics

Related Articles