നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

തൃശൂർ : മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർഥിനി ഉള്‍പ്പെടെ 3 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയാണ് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌ അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി സി എ വിദ്യാർഥിനിയാണ് ശിവാനി. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡില്‍വെച്ചാണ് അപകടം സംഭവിച്ചത്.

ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. അപകടസ്ഥലത്തു വെച്ച്‌ തന്നെ ഉല്ലാസ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വി.വി.പുരം ട്രാഫിക് പൊലീസ് അറിയിച്ചു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് കാഞ്ഞാണി ആനക്കാട് ക്രിമറ്റോറിയത്തില്‍ നടക്കും.

Hot Topics

Related Articles