‘ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യുക’: മല്ലികാർജുൻ ഖാർഗെ

ദില്ലി : ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം. അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർഗെ പറഞ്ഞു. ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങള്‍ക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാല്‍ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർഗെ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കർണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍, യു പിയിലെ 10 മണ്ഡലങ്ങള്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അതിനിടെ കർണാടക ബി ജെ പിയുടെ എക്സ് ഹാൻഡിലില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കർണാടക പൊലീസാണ് ജെ പി നദ്ദക്കും സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നല്‍കുന്നുവെന്ന് സൂചിപ്പിക്കുന്ന കാർട്ടൂണ്‍ വീഡിയോയാണ് മെയ് 4 ന് പങ്ക് വച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കർണാടക പൊലീസ് കേസെടുത്തത്.

Hot Topics

Related Articles