മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

Advertisements

മണര്‍കാട്: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള  ഈ വര്‍ഷത്തെ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൃതശുദ്ധിയോടെ എട്ടുനോമ്പു പെരുന്നാള്‍, സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ മണര്‍കാട് വി. മര്‍ത്തമറിയം പള്ളിയില്‍ ആചരിക്കപ്പെടുന്നു. വി. ദൈവ മാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണത്തില്‍ പങ്കെടുക്കുന്നതിനും മാതാവിന്റെ മഹനീയ മദ്ധ്യസ്ഥതവഴി അനുഗ്രഹം പ്രാപിക്കുന്നതിനുമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ മണര്‍കാട്ടേക്ക് ഒഴുകിയെത്തുന്ന പുണ്യദിനങ്ങളാണിത്. 

വിശ്വാസികള്‍ തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങള്‍ പ്രത്യേകിച്ച് കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, സന്താനം ഇല്ലാത്തവരുടെ ദുഃഖങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ജോലി ഇല്ലാത്തവരുടെ വിഷമങ്ങള്‍, എന്നിവ അമ്മയുടെ സന്നിധിയില്‍ അര്‍പ്പിച്ച് തങ്ങള്‍ ഏതു വിഷയത്തിലാണോ പ്രാര്‍ത്ഥിച്ചത് പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് മറുപടിയുമായി കടന്നുപോയ അനേകരുടെ സാക്ഷ്യങ്ങള്‍ ഇന്നും നമ്മുടെ മുമ്പിലുണ്ട്.

അദ്ഭുതങ്ങളുടെ നിറകുടമായ മണര്‍കാട് പള്ളിയില്‍, പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം അഥവാ സുനോറോ ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള ക്രമീകരണങ്ങള്‍ വിശുദ്ധ മദ്ബഹായോട് ചേര്‍ന്ന് ചെയ്തിട്ടുണ്ട്. 

1982 ഫെബ്രുവരി മാസം ഇരുപത്തിയാറാം തീയതി പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്യോസ്  സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ  മണര്‍കാട് പള്ളിയില്‍ എഴുന്നള്ളി വന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്  പരിശുദ്ധ സുനോറോ.

വലിയ പള്ളിയുടെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന കല്‍ക്കുരിശ് ചരിത്രപ്രസിദ്ധവും ദിവ്യ അത്ഭുതങ്ങളുടെ ഉറവിടമാണ്. 2012 ല്‍ കല്‍ക്കുരിശിങ്കല്‍ നിന്ന് സുഗന്ധ തൈലം പലപ്രാവശ്യങ്ങളിലായി ഒഴുകിയത് വിശ്വാസികളില്‍ അത്ഭുതമുണര്‍ത്തിയ സംഭവമായിരുന്നു. ദിവ്യാത്ഭുതങ്ങളുടെ കലവറയായ കല്‍ക്കുരിശിങ്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതും കുരിശിങ്കല്‍ എണ്ണ ഒഴിക്കുന്നതും വിശ്വാസികള്‍ക്ക് ഒരു വലിയ അനുഭവം തന്നെയാണ്. കല്‍ക്കുരിശിങ്കലെ എണ്ണ വീടുകളില്‍ കൊണ്ടുപോകാനായുള്ള പ്രത്യേക സജ്ജീകരണവും പള്ളിക്കാര്യത്തില്‍ നിന്നും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

ഏകദേശം 60 ലക്ഷത്തോളം ജനങ്ങള്‍ പെരുന്നാള്‍ ദിനങ്ങളില്‍ കടന്നുവരും എന്ന് വിശ്വസിക്കുന്നു.  1501 പേര്‍ ഉള്‍പ്പെടുന്ന 15 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വിവിധ തലങ്ങളില്‍  പെരുന്നാള്‍ ക്രമീകരണങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തിയത്.

ഒന്നാം തീയതി കൊടിമരം ഉയര്‍ത്തുന്നതോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും ആശീര്‍വാദത്തിനും ശേഷമുള്ള നേര്‍ച്ച വിളമ്പോടെയാണ് സമാപിക്കുന്നത്. എട്ടുനോമ്പ് ആചാരണം ആരംഭിയ്ക്കുന്ന ദിവസം മുതല്‍ പള്ളിയിലേയ്ക്ക് കടന്നുവരുന്ന വിശ്വാസികളെ സ്വീകരിക്കുവാന്‍ പള്ളി ഭരണസമിതിയുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതായ എല്ലാ ക്രമീകരണങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് മാസം 21-ാം തീയതി ബഹുമാനപ്പെട്ട ജില്ലാ കലക്ടറുടെ ഓഫീസില്‍ വച്ച് കൂടിയ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്കായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ അവലോകനം ചെയ്തു.

പള്ളിയിലേക്ക് വരുന്ന ഭക്തജനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഉപയുക്തമാകുന്ന രീതിയില്‍ റോഡുകളുടെ അറ്റപ്പണികള്‍ ത്വരിത ഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു.  ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ദിവസങ്ങളിലും പള്ളിയില്‍ നേരിട്ട് എത്തി പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. 

പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ കിഴക്കുവശത്തായി പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. പള്ളിയും പരിസരങ്ങളും പെരുന്നാള്‍ ദിനങ്ങളില്‍ നിലവിലുള്ളത് കൂടാതെ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് പോലീസിന്റെ ശക്തമായ നിരീക്ഷണത്തില്‍ ആയിരിക്കും.

പെരുന്നാള്‍ ദിനങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസ് നടത്തുവാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും ക്രമീകരിച്ചിട്ടുണ്ട്. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വളരെ കൃത്യതയോടെ കൂടി തന്നെ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. 6,7,8 തീയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം ക്രമീകരിച്ചിട്ടുള്ളതാകുന്നു. 

പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം  തെക്കുവശത്തും പടിഞ്ഞാറുവശങ്ങളിലുമുള്ള മൈതാനങ്ങളില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ വടക്കുവശത്തും തെക്കുവശത്തും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കാന്റീനുകളില്‍ നിന്നും ശുചിത്വവും മെച്ചപ്പെട്ടതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്

എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. പ്രസ്തുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ 14-ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. എട്ടുനോമ്പിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും 1 മുതല്‍ 7 വരെ സൗജന്യമായി നേര്‍ച്ചക്കഞ്ഞി വടക്കുവശത്തെ പാരീഷ് ഹാളില്‍ നല്‍കും. 

ഓഗസ്റ്റ് 31ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 14 വരെയുള്ള എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴു വരെ ദിവസങ്ങളില്‍  12ന് ഉച്ച നമസ്‌കാരവും വൈകിട്ട് 5ന് സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കും. ഒന്ന് മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. സെപ്റ്റംബര്‍ 1, 3, 5 എന്നീ തീയതികളില്‍ വൈകിട്ട് 6.30ന് ധ്യാനം. 

സെപ്റ്റംബര്‍ 1-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരി.എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.  ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്ന് പുറപ്പെടും. കുഴിപ്പുരയിടം കരയില്‍ ചെറുകുന്നേല്‍ ജെയിംസ് സി. ജോര്‍ജിന്റെ മണര്‍കാട് കവലയിലുള്ള ഭവനാങ്കണത്തില്‍ നിന്നും വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്ന് കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ച് വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. 

സെപ്റ്റംബര്‍ 2-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ് മുഖ്യകാര്‍കത്വം വഹിക്കും. വൈകിട്ട് 6.30 ന് ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, പള്ളവക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്യുന്ന പ്രോഗ്രാമായ ”മെറിറ്റ് ഡേ” നടത്തപ്പെടും. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ശ്രീ. സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ റെജി എം. ഫീലിപ്പോസ് എന്നിവര്‍ ആശംസം പ്രസംഗം നടത്തുന്നതുമായിരിക്കും.

സെപ്റ്റംബര്‍ 3-ാം തീയതി വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 6.30നുള്ള പൊതുസമ്മേളനത്തിന്   പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെരി.റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതം ആശംസിക്കുന്നതും, കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന പ്രസ്തുത യോഗം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യുന്നതുമായിരിക്കും. 

കത്തീഡ്രല്‍ സെക്രട്ടറി രഞ്ജിത്ത് കെ ഏബ്രഹാം കാരയ്ക്കാട്ട് യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണ്. സി.ബി.എസ്.ഇ സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ ബഹു.മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി & റീഡിംഗ്‌റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വ്വഹിക്കും. 

90 വയസ്സിനുമേല്‍ പ്രായമുള്ള വികാരി വെരി റവ ഇ.റ്റി.കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, 80 വയസ്സിനു മേല്‍ പ്രായമുള്ള സഹവികാരി വെരി റവ.കെ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത് എന്നീ വൈദികരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആദരിക്കുന്നതാണ്. സീറോ മലബാര്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്. നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് പള്ളിവക ഹോസ്പിറ്റലില്‍ ആരംഭിച്ചിരിക്കുന്ന ജെറിയാട്രിക് വാര്‍ഡിനോട് അനുബന്ധിച്ച് പുതുതായി തുടങ്ങുന്ന പാലിയേറ്റീവ് & ഹോംകെയര്‍ യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. കത്തീഡ്രല്‍ ട്രസ്റ്റി ബിനു റ്റി ജോയി കൃതജ്ഞതയര്‍പ്പിച്ച് യോഗം സമംഗളം പര്യവസാനിക്കുന്നതാണ്.

 4-ന്  പൗരസ്ത്യ സുവിശേഷസമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, 5-ന് ക്‌നാനായ അതിഭദ്രാസന റാന്നിമേഖലയുടെ കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 

6-ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചിഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള  ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ റാസ ഉച്ചകഴിഞ്ഞ് 02.00 മണിക്ക്. 

7-ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മുളന്തുരുത്തി  എം.എസ്.ഒ.റ്റി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും, കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍ 11.30ന് ഉച്ചനമസ്‌കാരത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നടതുറക്കല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.  തുടര്‍ന്ന് കറിനേര്‍ച്ചയ്ക്കുള്ള ഒരുക്കം, പന്തിരുനാഴി ഘോഷയാത്ര. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ‘കറിനേര്‍ച്ച’ അഥവാ പാച്ചോര്‍ നേര്‍ച്ച ഏഴാം തീയതി ഉച്ചമുതല്‍ തയ്യാറാക്കാന്‍ തുടങ്ങുകയും അന്നേദിവസം രാത്രിയില്‍ നടക്കുന്ന റാസാക്കുശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങുന്നതുമാണ്.  2023 ലെ പള്ളി ഭരണസമിതിയുടെ നേതൃത്വത്തില്‍ കറിനേര്‍ച്ച(പാച്ചോര്‍) ഇടവകയിലെ ഭവനങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വൈകിട്ട് 8-ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 9.30ന് ആകാശവിസ്മയം, പരിചമുട്ടുകളി, മാര്‍ഗം കളി, രാത്രി 12 ന് ശേഷം കറിനേര്‍ച്ച വിതരണം. 

പ്രധാന പെരുന്നാള്‍ ദിനമായ എട്ടിന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂര്‍-ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മോര്‍ ഒസ്താത്തിയോസ്  പ്രധാന കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വ്വാദം. 3ന് നേര്‍ച്ചവിളമ്പ്. 

സെപ്റ്റംബര്‍ 9ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന അങ്കമാലി ഭദ്രാസനത്തിലെ  മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, 10 ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന  തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, 11ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ്, 12ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഈവാനിയോസ്, 13ന് രാവിലെ മൂന്നിന്മേല്‍ കുര്‍ബ്ബാന ഹോണോവര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മോര്‍ അന്തോണിയോസ് എന്നിവര്‍ പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതാണ്.

സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബ്ബാന കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ തേവേദോസ്യോസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. വൈകിട്ട് 5.00 മണിയ്ക്കുള്ള സന്ധ്യാ നമസ്‌ക്കാരത്തിനും തുടര്‍ന്നുള്ള നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോര്‍ തീമോത്തിയോസ് കാര്‍മ്മികത്വം വഹിക്കുന്നതാണ്.   പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തല്‍സമയം കാണുന്നതിന് പള്ളിക്കാര്യത്തില്‍ നിന്നും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും, വെബ്‌സൈറ്റിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. 

എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എ.സി.വി., ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നീ ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്. നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്.  വിശ്വാസികളുടെ പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ കത്തീഡ്രലിന്റെ ഇ-മെയില്‍ വിലാസത്തിലോ വാട്‌സ്ആപ്പ് നമ്പറിലേക്കോ അയയ്ക്കാവുന്നതുമാണ്.

എല്ലാ വിശ്വാസികളും ഉപവാസത്തോടും പ്രാര്‍ഥനയോടും കൂടെ നോമ്പാചരണത്തില്‍ ഭയഭക്തിപൂര്‍വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് അറിയിച്ചു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സഹവികാരിമാരായ വെരി.റവ. കെ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, വെരി.റവ. കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, റവ. ഫാ. കുര്യാക്കോസ് കാലായില്‍, റവ. ഫാ. ജെ മാത്യൂ മണവത്ത്, റവ. ഫാ. എം.ഐ തോമസ് മറ്റത്തില്‍;  ട്രസ്റ്റിമാരായ ബിനു റ്റി ജോയി താഴത്തേടത്ത്, എം.ഐ ജോസ് ഉറോട്ടുകാലായില്‍, ദീപു തോമസ് ജേക്കബ് പൈലിത്താനം, കത്തീഡ്രല്‍ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം കാരയ്ക്കാട്ട്  എന്നിവര്‍ നേതൃത്വം നല്‍കും. 

Hot Topics

Related Articles