ഫാക്ടറികളിൽ റെയ്ഡ്; മായംചേർത്ത 15 ടൺ മസാല പിടിച്ചെടുത്തു; പകരം ചേർക്കുന്നത് മരപ്പൊടി അടക്കമുള്ളവ

ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍ മായം ചേർത്ത മസാലകളാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഫാക്ടറികള്‍ റെയ്ഡ് ചെയ്താണ് പോലീസ് മായം ചേർത്ത മസാലകള്‍ പിടിച്ചെടുത്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലിപ് സിങ്(46), സർഫരാജ്(32), ഖുർസീദ് മാലിക്(42) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മായം കലർന്ന മസാലകള്‍ ചെറുകിട വിപണയിലേക്ക് വിതരണം ചെയ്യുകയും യഥാർഥ ഉത്പന്നത്തിന്റെ അതേ വിലയില്‍ അവ വില്‍ക്കപ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ദിലീപ് സിങ്ങാണ് ഈ നിർമാണ യൂണിറ്റിന്റെ ഉടമ.

ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നയാള്‍ ഖുർസീദ് മാലിക്കാണ്. വ്യാജ ഉത്പന്നങ്ങളുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന ചീഞ്ഞ ഇലകള്‍, അരി, മരപ്പൊടി, ആസിഡുകള്‍, എണ്ണകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി രാകേഷ് പവേരിയ അറിയിച്ചു. വ്യാജമായി ഭക്ഷ്യപദാർഥങ്ങള്‍ നിർമിക്കുന്നവരുടേയും ചില കച്ചവടക്കാരുടേയും വിവരങ്ങള്‍ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘത്തെ രൂപീകരിച്ചാണ് നടപടികളുമായി മുന്നോട്ടുപോയത്. വിവിധ തരം ബ്രാൻഡുകളുടെ പേരിലാണ് ഈ മസാലകള്‍ വില്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാവിഭാഗമെത്തി പരിശോധനകള്‍ നടത്തി കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ചു. അതേ സമയം അറസ്റ്റിലായവരെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles