പട്ന: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു.വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബൈജന്ത്രിയാണ് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി, കേന്ദ്ര സർക്കാർ, ഇലക്ഷൻ കമ്മീഷൻ എന്നിവരെയും എതിർകക്ഷികളാക്കിയിരുന്നു.
വീഡിയോ ഉടനടി പിൻവലിക്കാൻ ഉത്തരവിട്ടതിനൊപ്പം, രാഹുല്‍ ഗാന്ധി, ഫെയ്സ്ബുക്ക്, എക്സ്, ഗൂഗിള്‍ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ സിദ്ധാർഥ് പ്രസാദ് പിടിഐയോട് പറഞ്ഞു. പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ അമ്മ സ്വപ്നത്തില്‍ വന്ന് വിമർശിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ബിഹാർ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എക്സ് ഹാൻഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.