കാസർകോട് :കുറ്റിക്കോലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പയന്തങ്ങാനം സ്വദേശി കെ. സുരേന്ദ്രൻ (50) ആണ് വീടിനുള്ളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്ത് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഭാര്യ സിമി ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാക്കത്തി ഉപയോഗിച്ചാണ് സുരേന്ദ്രൻ ഭാര്യയുടെ കഴുത്ത് ഭാഗത്ത് വെട്ടിയത്. രക്തസ്രാവം ഉണ്ടായ സിമി ഓടി അയൽവീട്ടിലെത്തിയപ്പോഴാണ് ജീവൻ രക്ഷപ്പെടുത്തിയത്
അയൽവാസികൾ സംഭവത്തെക്കുറിച്ച് അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ ഒന്നര വയസും അഞ്ച് വയസുമുള്ള കുട്ടികൾ അടുത്ത മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. സംഭവമൊന്നും അവർ അറിയാതെ പോയി.സംഭവം നടന്ന സമയത്ത് പതിവുപോലെ കുട്ടിയെ സ്കൂളിൽ കൊണ്ടുപോകാനെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ കുട്ടിയെ കാണാനില്ലെന്ന് കണ്ടപ്പോൾ സിമിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീട്ടുമുറ്റത്ത് വിളിച്ചപ്പോൾ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ അദ്ദേഹം തിരികെ പോയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രൻ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റിക്കോലിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. അസ്വാഭാവിക മരണത്തിന് ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഇന്നലെ രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.