കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനമോളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആഴത്തിലും വീതിയിലും ഉള്ള മുറിവാണ് കഴുത്തിലേറ്റതെന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലേറ്റ കുത്ത് രക്തധമനികള്‍ മുറിയാന്‍ കാരണമായി. നിതിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് നിതിന മോളെ സഹപാഠിയായ അഭിഷേക് ബൈജു പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊന്നത് ഇന്നലെയാണ്. നിതിനയെ കൊല്ലാന്‍ ഒരാഴ്ച മുന്‍പ് തന്നെ പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം നിരസിച്ചതിലുള്ള പകയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.