ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി; വരുന്ന പണം കമ്മീഷൻ ഈടാക്കി വേറെ അക്കൗണ്ടിലേക്ക്; ഓണ്‍ലൈൻ തട്ടിപ്പില്‍ രണ്ടു പേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി ആളുകളെ കബളിപ്പിച്ച്‌ 2.18 കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ഫാഹീം (23), മിൻഹാജ് (24) എന്നിവരെയാണ് കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ ഡോക്ടർക്കാണ് പണം നഷ്ടപ്പെട്ടത്. മിൻഹാജിന് വേണ്ടി ഫാഹി തന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്ത് നല്‍കുകയായിരുന്നു. പരാതിക്കാരനായ ഡോക്ടർക്ക് നഷ്ടമായതില്‍ ന്നുള്ള 5 ലക്ഷം രൂപ ഉള്‍പ്പെടെ 7.80 ലക്ഷം രൂപ മുഹമ്മദ് ഫാഹിമിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയെന്നാണ് കണ്ടെത്തിയത്. ഇതില്‍ പതിനായിരം രൂപ കമ്മീഷനായി എടുത്ത ശേഷം ബാക്കി തുക മിൻഹാജിന് കൈമാറുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ക്ക് പണം സ്വീകരിക്കാനായി കേരളത്തിലെ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുകയും ഈ അക്കൗണ്ടുകളിലെത്തുന്ന പണം പിൻവലിച്ച്‌ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുക്കുകയുമാണ് ഇവർ ചെയ്തത്. പരാതിക്കാരനായ ഡോക്ടറില്‍ നിന്ന് തട്ടിയെടുത്ത പണവും പല അക്കൗണ്ടുകളിലായാണ് പോയത്. സംസ്ഥാനത്തിന് പുറത്തുള്ള തട്ടിപ്പുകാർ ഇത്തരം തട്ടിപ്പുകള്‍ നടത്തുമ്ബോള്‍ അതിന് സഹായകമായി ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കെന്ന പോലെ നല്‍കുന്നവർക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്. സൈബർ പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ. ടി.ബി. ഷൈജു, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ പി. രൂപേഷ്, കെ.എം. വിജു, കെ. ലിനീഷ് കുമാർ, എം.പി. ഷഫീർ, യു. ഷിബിൻ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles