മൂവി ഡെസ്ക്ക് : മറയൂരില്‍ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിന് നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും ഫിലിം ട്രാക്കര്‍മാരും റിപ്പോര്‍ട്ട് ചെയ്തു.താരത്തിന്റെ കാലിന്റെ ലിഗമെന്റിനാണ് പരിക്കേറ്റത്. രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ജയൻ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ നടൻ രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രിവിടും. രണ്ടുമാസം വിശ്രമത്തിലേക്ക് പോകുന്നതോടെ വിലായത്ത് ബുദ്ധയ്ക്ക് പുറമേ എമ്പുരാൻ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളുമെന്നുറപ്പായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലം നീട്ടിവച്ചിരിക്കുകയാണ്. അതേസമയം പൃഥ്വിരാജ് മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം സലാറിനെ ഈ പരിക്ക് ബാധിക്കില്ലെന്ന് സിനിമാ ട്രാക്കറായ എ.ബി. ജോര്‍ജ് പറഞ്ഞു. സലാറിലെ പൃഥ്വിയുടെ രംഗങ്ങള്‍ നേരത്തേതന്നെ ചിത്രീകരിച്ചുകഴിഞ്ഞതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.