ചങ്ങനാശേരി : സംസ്ഥാന വ്യാപകമായി മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ചിട്ടുള്ള മയക്കുമരുന്നായ 7.154 ഗ്രാം എം.ഡി.എം.എ (എം.ഡി.എം.എ) കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ത്രികൊടിത്താനം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പായിപ്പാട് വില്ലേജിൽ, പള്ളിക്കച്ചിറ പി.ഒ., കോതച്ചിറ ഭാഗത്ത്, കോതച്ചിറ വെള്ളാപ്പള്ളി റോഡിന് വടക്കുവശത്തുള്ള 455-ാം നമ്പർ ഇളപ്പുങ്ങൽ പുതുപ്പറമ്പിൽ വീട്ടിൽ താമസിക്കുന്ന സൽമാൻ ഖാൻ എന്നയാളെ പിടികൂടിയത്. നേരത്തെ ഇയാളുടെ ലഹരി വിൽപ്പനയെപ്പറ്റി വിവരം ലഭിച്ച് പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം ഇയാൾ ഓടിരക്ഷപെട്ടിരുന്നു.
പ്രതിയുടെ കൈവശം നടത്തിയ പരിശോധനയിൽ 7.154 ഗ്രാം എം.ഡി.എം.എ കണ്ടെത്തി പിടിച്ചെടുക്കുകയും കേസുമായി ബന്ധപ്പെട്ട മറ്റ് മുതലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് കടത്ത്, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സാബുമാത്യു കെ.എം. അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.


