ഓപ്പറേഷൻ സിദ്ധൂർ: പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകിയെന്ന് സമ്മതിച്ച് ചൈന 

ബെയ്ജിംങ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓണ്‍-സൈറ്റ് സാങ്കേതിക സഹായം നല്‍കിയതായി ചൈന ആദ്യമായി സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരില്‍ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Advertisements

ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീൻ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എഞ്ചിനീയർമാർ പാകിസ്ഥാൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു. ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലില്‍ ചൈനീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ്, സംഘർഷകാലത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയവരില്‍ പ്രമുഖരാണെന്നും റിപ്പോർട്ടില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൈനയുടെ നൂതന യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രധാന ഡെവലപ്പർമാരില്‍ ഒന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 2025 ജൂലൈയില്‍, പാകിസ്ഥാന്റെ സൈനിക ഹാർഡ്‌വെയറിന്റെ 81 ശതമാനവും ചൈനീസ് റിസോഴ്സാണെന്ന് ഇന്ത്യൻ സൈന്യം ആരോപിച്ചിരുന്നു. ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കാൻ പാകിസ്ഥാനെ ലാബ് പോലെ ഉപയോഗിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു.

സ്റ്റോക്ക്ഹോം ഇന്റർനാഷണല്‍ പീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം, 2015 മുതല്‍ ചൈന പാകിസ്ഥാന് 8.2 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വിറ്റു. ചൈനയുമായി സഹകരിച്ച്‌ വികസിപ്പിച്ച ജെഎഫ്-17 തണ്ടറും കൂടുതല്‍ നൂതനമായ ജെ-10സി മള്‍ട്ടിറോള്‍ ഫൈറ്റർ വിമാനങ്ങളുമാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുടെ പകുതിയിലധികവും. ചൈനയില്‍ നിന്ന് 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ പാകിസ്ഥാൻ ഇപ്പോള്‍ ഉള്‍പ്പെടുത്താൻ പോകുന്നതായും സ്റ്റെല്‍ത്ത് പോരാട്ട ശേഷിയുള്ള പരിമിതമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍പ്പെടുത്തുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Hot Topics

Related Articles