കര്‍ഷകര്‍ക്ക് വരുമാനം
ഇരട്ടിയാക്കാന്‍ കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി സഹായിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം : കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കാന്‍ സഹായിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന ഫാംപ്ലാന്‍ ഡെവലപ്പ്മെന്റ് അപ്രോച്ച് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയാണ് ഇത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന കൃഷിയിടത്തിന് ഒരു അടിസ്ഥാന ഉത്പാദന, വിപണന, ആസൂതണ രേഖ കൃഷി വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി നല്‍കും എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല അധ്യക്ഷയായിരുന്നു. വി.ജെ. റെജി, ജയകുമാര്‍, മാത്യു എബ്രഹാം, ആത്മ പ്രോജക്റ്റ് ഡയറക്റ്റര്‍ സാറ റ്റി ജോണ്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

Hot Topics

Related Articles