തലേന്ന് വയർ വേദന അഭിനയിച്ച് സബ് ജയിലിൽ നിന്നെത്തി വഴി നോക്കി വച്ചു : പിറ്റേന്ന് എത്തി പൊലീസുകാരെ വെട്ടിച്ച് ചാടി രക്ഷപെട്ടു; കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി രക്ഷപെട്ടത് ഇങ്ങനെ

കോട്ടയം : തലേന്ന് വയർ വേദന അഭിനയിച്ച് സബ് ജയിലിൽ നിന്നും ആശുപത്രിയിൽ എത്തിയ പ്രതി പിറ്റേന്ന്, ഇതേ കാരണം പറഞ്ഞെത്തിയത് ജയിൽ ചാടാൻ. സബ് ജയിലിൽ നിന്നും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടത്. കൃത്യമായി പ്ളാൻ തയ്യാറാക്കിയാണ് പ്രതി രക്ഷപെടാനായി എത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയേയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച രാവിലെ വീണ്ടും വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പൊലീസുകാരോട് പരാതി പറഞ്ഞു. തുടർന്ന് ബാത്റൂമിൽ പോകുന്നതിനായി പോവുകയായിരുന്നു. ഇതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

പ്രതിയെ കണ്ടെത്തുന്നതിനായി കോട്ടയം വെസ്റ്റ് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് പൊലീസ് സംഘം ജില്ല മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെപ്പറ്റി സൂചന ലഭിച്ചില്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.

Hot Topics

Related Articles