‘സ്റ്റേഷനിലെ ഇരുട്ട് മുറിയിലിട്ട് കരിക്കുകൊണ്ട് ഇടിച്ചു’; പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് സിപിഎം പ്രവർത്തകൻ

തൃശൂർ : പൊലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി സിപിഎം പ്രവര്‍ത്തകൻ. തൃശൂര്‍ അന്തിക്കാട് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ യദു കൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് യദു കൃഷ്ണൻ. കഴിഞ്ഞ മാസം 20ന് എല്‍ഡിഎഫിന്‍റെ കണ്‍വെന്‍ഷൻ കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുവന്നശേഷമായിരുന്നു മര്‍ദനം. വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൊലീസ് ജീപ്പ് വന്നതെന്ന് യദു പറഞ്ഞു. എസ്‌ഐയും അഡീഷണല്‍ എസ്‌ഐയുമാണ് വന്നത്. തുടര്‍ന്ന് അനാവശ്യമായി ചീത്ത പറയും തെറി വിളിക്കുകയും ചെയ്തു. താൻ പ്രശ്നക്കാരനാണെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനോട് ചേര്‍ന്നുള്ള പഴയ മുറിയില്‍ കൊണ്ടുവന്ന് കരിക്ക് കൊണ്ട് ഇടിച്ചെന്നും യദു പരാതിയില്‍ പറയുന്നു.

ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയയത്. അവിടെ വെച്ച്‌ ഇടിച്ച്‌ മൂലക്കിടുകയായിരുന്നു. മര്‍ദ്ദിച്ചശേഷം പിറ്റേദിവസം ഏപ്രില്‍ 21നാണ് വിട്ടയച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെന്നും യദു പറഞ്ഞു. ഗുണ്ടാ പ്രവര്‍ത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു വെളിപ്പെടുത്തി. സംഭവത്തില്‍ അന്തിക്കാട് സിഐ, അഡീഷനല്‍ എസ്‌ഐ എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും യദു പരാതി നല്‍കി. അതേസമയം, നേരത്തെ നിരവധി കേസുകളില്‍ പ്രതികളായവരെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് യുവാവിനെയും കൂട്ടിക്കൊണ്ടുപോയതെന്ന് അന്തിക്കാട് പൊലീസ് വിശദീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കരുതല്‍ തടങ്കലായാണ് യുവാവിനെ കൊണ്ടുപോയതെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസ് വിശദീകരണം.

Hot Topics

Related Articles