തിരുവനന്തപുരം:പേരൂർക്കട വ്യാജ മോഷണക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുനരന്വേഷണ റിപ്പോർട്ട്. കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ചതായി പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ അന്വേഷണത്തിൽ വ്യക്തമായി.വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും മറവി പ്രശ്നമുള്ള ഓമന ഡാനിയൽ തന്നെ ആഭരണം വീട്ടിലെ സോഫയ്ക്കടിയിൽ വച്ച് മറന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ഓമന ഡാനിയൽ തന്നെയാണ് മാല കണ്ടെത്തിയതെന്നും, “ചവർ കൂനയിൽ നിന്ന് സ്വർണം കിട്ടി” എന്ന പേരൂർക്കട പോലീസിന്റെ കഥ കള്ളമാണെന്നും അന്വേഷണം വ്യക്തമാക്കി.ജോലിക്കാരിയായ ബിന്ദുവിനെ അന്യായമായി പൊലീസ്കസ്റ്റഡിയിൽ പാർപ്പിച്ചെന്നും, രാത്രി സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാർ തന്നെ ചോദ്യം ചെയ്തതായും സിസിടിവി ദൃശ്യങ്ങളിൽ തെളിയുന്നുവെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു. ബിന്ദുവിനെതിരെ പൊലീസ് കഥ മെനഞ്ഞതും, കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.സംഭവത്തിൽ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനും ഓമന ഡാനിയലിനും എതിരെ നടപടി വേണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. മുമ്പ് കേസുമായി ബന്ധപ്പെട്ട നാണക്കേട് പുറത്ത് വന്നതോടെ എസ്ഐയെയും എഎസ്ഐയെയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എങ്കിലും “സ്വർണം എങ്ങനെ ചവർ കൂനയിലെത്തി” എന്ന കാര്യത്തിൽ അന്വേഷിക്കാതെയാണ് കേസ് അവസാനിപ്പിച്ചത്.മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പിയെ നിയോഗിച്ചാണ് പുതിയ അന്വേഷണം നടന്നത്. ഇതിലാണ് പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നത്.
ഒടുവിൽ പോലീസിന്റെ കള്ളകഥ പുറത്ത് :പേരൂർ കട മാലമോഷണ കേസിൽ വൻവഴിതിരിവ് :വീട്ടിൽ നിന്ന് മാല പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
