പ്രിയങ്ക മത്സരിക്കാനില്ല; പ്രചാരണത്തിന് നേതൃത്വം നല്‍കും; രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍

ദില്ലി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധ്യതയില്ലെന്ന് അടുത്ത വൃത്തങ്ങള്‍. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമേ പങ്കെടുക്കൂ. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിക്കുന്ന കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് വിവരം. അമേഠിയിലും റായ്ബറേലിയിലും മെയ് 20നാണ് തെരഞ്ഞെടുപ്പ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റില്‍ നിന്നാണ് രാഹുല്‍ ഗാന്ധി രണ്ടാം തവണയും ജനവിധി തേടുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കാനുമായിരുന്നു സാധ്യത. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദേശം നല്‍കിയിരുന്നു. വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി, റായ്ബറേലി സീറ്റുകളിലെ ചർച്ച കോണ്‍ഗ്രസ് സജീവമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മത്സരത്തിന് തയ്യാറായി നില്‍ക്കാനാണ് റായ്ബറേലിയിലേയും അമേഠിയിലേയും പ്രവർത്തകർക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദ്ദേശം നില്‍കിയത്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാല്‍ പ്രിയങ്ക ഇവിടെ മത്സരിക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ച്‌ ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി. വയനാട്ടിലെ ജനങ്ങള്‍ ആവശ്യപ്പെട്ടു രാഹുല്‍ഗാന്ധി മത്സരിച്ചു. ജനങ്ങള്‍ ആവശ്യപ്പെടുന്നിടത്ത് നേതാവ് പോകുമെന്നും ഖർഗെ പറഞ്ഞു. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ എത്രയോ തവണ മണ്ഡലം മാറിയിട്ടുണ്ടെന്നും ഖർഗെ ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്നാണ് വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിന് നല്‍കിയ മറുപടി. ഈ സാഹചര്യത്തില്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട ചർച്ചകളിലാണ്.

Hot Topics

Related Articles