പത്തനംതിട്ട : ക്ഷേത്രത്തിൽ വിവാഹചടങ്ങിലെത്തിയ വയോധികയുടെ 4 പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം വീട്ടിൽ ബാലന്റെ ഭാര്യ സുമതി (70) യുടെ മാലയാണ് അപഹരിക്കപ്പെട്ടത്.
തമിഴ്നാട് വേളൂർ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകൻ ജിബ (50) എന്നിവരാണ് കൂടൽ പോലീസിന്റെ പിടിയിലായത്. മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ, സംശയകരമായ നിലയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവച്ച് ചോദിച്ചപ്പോഴാണ് ഇവരാണ് മോഷ്ടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് സുമതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ കയ്യിലെ ബാഗിൽനിന്നും മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടൽ പോലീസ് ഇൻസ്പെക്ടർ ജി പുഷ്പകുമാർ, എസ് ഐ ദിജേഷ്, എസ് സി പി ഓമാരായ അജിത്, ജയശ്രീ, സി പി ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച്ച കോന്നിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പോലീസ് പിടികൂടിയിരുന്നു.