രാധാകൃഷ്ണന്റെ ആത്മഹത്യ; മുഖ്യമന്ത്രിക്ക് പരാതി നൽകും :  കേരള കോൺഗ്രസ് എം

പത്തനംതിട്ട : തണ്ണിത്തോട് പണി സ്ഥലത്തുനിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി തിരികെ ഇറക്കിവിട്ട കർഷകനും തൊഴിലുറപ്പ് തൊഴിലാളിയുമായ മേനംപ്ലാക്കൽ രാധാകൃഷ്ണൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിയോഗിച്ച പാർട്ടി പ്രതിനിധി സംഘം അറിയിച്ചു.

Advertisements

മ്ലാവിന്റെ ഇറച്ചി വിൽക്കുന്നതിനിടയിൽ വനപാലകർ പിടികൂടി റിമാൻഡിലായ രണ്ടുപേർ നൽകിയ മൊഴിയനുസരിച്ച് കൂട്ടാളികളായ മൂന്നുപേരെ  തിരഞ്ഞാണ് വനപാലകർ രാധാകൃഷ്ണന്റെ ഭവനത്തിന്റെ പരിസരത്തെത്തിയത്. ഈ മൂന്നുപേരെയും കിട്ടാതെ വന്നപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന രാധാകൃഷ്ണനെ ബലമായി  വനപാലകർ വാഹനത്തിൽ കയറ്റി വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടു മണിക്കൂറിനുശേഷം തിരികെയെത്തിച്ചു.വനത്തിനുള്ളിൽ വച്ച് വനപാലകർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ കേരള കോൺഗ്രസ് എം പ്രതിനിധി സംഘത്തോട് പറഞ്ഞു.മ്ലാവിനെ വിറ്റ പ്രതികൾ വനത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന തോക്ക് പിറ്റേന്ന് രാവിലെ10 മണിക്കകം ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചില്ലെങ്കിൽ രാധാകൃഷ്ണനെയും പ്രതിയാക്കുമെന്ന് വനപാലകർ പറഞ്ഞതായും തൊഴിലാളികൾ പറഞ്ഞു.ക്രൂരമർദ്ദനമേറ്റ മനോവേദനയിലും കേസിൽ പ്രതിയാകുമെന്ന ഭയം കൊണ്ടുമാണ് രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം നിരപരാധിയായ ഒരാളെ എപ്രകാരമാണ് വനാതിർത്തി പ്രദേശങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാധാകൃഷ്ണന്റെ ആത്മഹത്യയെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് പറഞ്ഞു.രാധാകൃഷ്ണന്റെ 88 വയസ്സുള്ള അമ്മ താമരാക്ഷിയും മക്കളായ ദീപയും ദീപ്തിയും എഴുതി തയ്യാറാക്കി നൽകിയ പരാതി മുഖ്യമന്ത്രിക്ക് ഉടൻ കൈമാറും.

സജി അലക്സിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മായ അനിൽകുമാർ, ഡോ. വർഗ്ഗീസ് പേരയിൽ, മാലേത്ത് പ്രതാപചന്ദ്രൻ, ഏബ്രഹാം വാഴയിൽ, ബിറ്റു വൃന്ദാവൻ, അനിയൻ പത്തിയത്ത്,ജോൺസൺ മൈലാപ്ര,ബിജുമോൻ കെ ജെ എന്നിവരടങ്ങിയ പാർട്ടി പ്രതിനിധി സംഘമാണ് രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്.

Hot Topics

Related Articles