റഫ ക്രോസിങ് ഉള്‍പ്പെടെ രണ്ട് അതിർത്തികൾ അടച്ചുപൂട്ടി ; സന്നദ്ധ സംഘടനകളെ റഫയില്‍നിന്ന് തുരത്തിയോടിക്കാൻ ഒരുങ്ങി ഇസ്രായേല്‍ 

ഗസ്സ: യു.എൻ ഏജൻസികളടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെ റഫയില്‍നിന്ന് തുരത്തിയോടിക്കാൻ ഒരുങ്ങി ഇസ്രായേല്‍ സർക്കാർ.ലോകരാഷ്ട്രങ്ങളുടെ എതിർപ്പുകള്‍ അവഗണിച്ച്‌ കരയുദ്ധത്തിന് യുദ്ധടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി റഫയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ മുന്നറിയിപ്പ്.ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഉപയോഗിച്ചിരുന്ന റഫ ക്രോസിങ് ഉള്‍പ്പെടെ രണ്ട് പ്രധാന അതിർത്തികള്‍ ഇസ്രായേല്‍ സൈനികർ അടച്ചുപൂട്ടിയിരുന്നു. സൈനിക നീക്കം നടക്കുന്നതിനാല്‍ റഫ പ്രദേശം വിട്ടുപോകണമെന്ന് ഇസ്രായേല്‍ സർക്കാർ വാക്താവിനെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

അതിനിടെ, റഫയിലെ ഇസ്രായേല്‍ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) ആവശ്യപ്പെട്ടു. റഫയില്‍ നടത്തുന്ന സൈനിക നീക്കം 6,00,000 കുട്ടികള്‍ ഉള്‍പ്പെടെ 15 ലക്ഷം ഫലസ്തീനികളുടെ ജീവിതത്തെ അപകടത്തിലാക്കുമെന്ന് ഡബ്ല്യു.എച്ച്‌.ഒ കിഴക്കൻ മെഡിറ്ററേനിയൻ റീജനല്‍ ഡയറക്ടർ ഹനാൻ ബാല്‍ക്കി പറഞ്ഞു.ലോകാരോഗ്യ സംഘടനയും അനുബന്ധ യു.എൻ ഏജൻസികളും റഫയില്‍ സേവനത്തിന് പ്രതിജ്ഞാബദ്ധരാണെങ്കിലും അതിർത്തി കവാടങ്ങള്‍ അടച്ചതിനാല്‍ നിസ്സഹായാവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ അതിർത്തി ഉടൻ തുറക്കണമെന്നും മനുഷ്യരാശിക്ക് വേണ്ടി ഗസ്സയില്‍ അടിയന്തര വെടിനിർത്തല്‍ അനിവാര്യമാണെന്നും ഹനാൻ ബാല്‍ക്കി വ്യക്തമാക്കി.

Hot Topics

Related Articles