മുഖ്യ പരിശീലക സ്ഥാനത്ത് ദ്രാവിഡിന്‍റെ കരാര്‍ നീട്ടിക്കൊടുക്കാൻ ബിസിസിഐ ; മനസ്സ് തുറക്കാതെ രാഹുല്‍ ദ്രാവിഡ് 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ കരാര്‍ നീട്ടിക്കൊടുക്കാൻ ബിസിസിഐ സന്നദ്ധത പ്രകടിപ്പിച്ചു.ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നല്‍കിയിരുന്ന ആദ്യ കരാര്‍. ഇതു പൂര്‍ത്തിയായ സാഹചര്യത്തില്‍, ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റര്‍ വി.വി.എസ്. ലക്ഷ്മണ്‍ ആണ് ഇന്ത്യൻ ടീമിനെ പരിശീലനച്ചുമതല വഹിക്കുന്നത്.

Advertisements

അതേസമയം, ബിസിസിഐയുടെ വാഗ്ദാനം ദ്രാവിഡ് സ്വീകരിച്ചോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ദ്രാവിഡ് രൂപപ്പെടുത്തിയ ടീം ഘടനയില്‍ തുടര്‍ച്ച ആവശ്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അധികൃതര്‍ കരാര്‍ നീട്ടാൻ ശ്രമിക്കുന്നത്.വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും രണ്ടാമൂഴത്തിലെ അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെട്ട ട്വന്‍റി20 – ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്ബരയുണ്ട്. 2024 ജൂണില്‍ ടി20 ലോകകപ്പും നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021ലെ ട്വന്‍റി20 ലോകകപ്പിനു ശേഷമാണ് രവി ശാസ്ത്രിക്കു പകരം ദ്രാവിഡിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. ദ്രാവിഡിന്‍റെ പരിശീലനത്തില്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടാൻ സാധിച്ചില്ലെങ്കിലും, അസാമാന്യ പ്രകടനത്തോടെ അജയ്യരായി ഫൈനല്‍ വരെയെത്താൻ സാധിച്ചിരുന്നു.

Hot Topics

Related Articles