ദില്ലി: രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെട്ടെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്.
പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമർശിക്കുന്നവർ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ നോക്കുകയാണെന്നും കോൺഗ്രസ് പറയുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണിപ്പൂരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണ്. മ്യാൻമറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് ഒപ്പം ചേർന്നോ എന്നാണ് ആശങ്ക. കലാപം രൂക്ഷമായ ബിഷ്ണുപൂർ, സുഗ്നു മേഖലകളിൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരിൽ ചിലർ കെ.വൈ.കെ.എൽ, യു.എൻ.എൽ.എഫ് സംഘാംഗങ്ങൾ ആണെന്നാണ് വിവരം.