രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കു ക്ഷണം

ചെന്നൈ : അയോദ്ധ്യയില്‍ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കും ക്ഷണം. ദുര്‍ഗ സ്റ്റാലിനെ ആര്‍.എസ്.എസിന്റെയും വി.എച്ച്‌.പിയുടെയും നേതാക്കള്‍ ചെന്നൈയിലെ വസതിയിലെത്തിയാണ് ഔദ്യോഗികമായി ക്ഷണിച്ചത്. അക്ഷതവും ഔദ്യോഗിക ക്ഷണവും അവര്‍ ദുര്‍ഗസ്റ്റാലിന് കൈമാറി. മറ്റൊരവസരത്തില്‍ അയോദ്ധ്യ സന്ദര്‍ശിക്കുമെന്നാണ് അവര്‍ അറിയച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്റ്റില്‍ ദുര്‍ഗ സ്റ്റാലിൻ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ കിരീടം അവര്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കുകയും ചെയ്തു. അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ആരോപിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിക്കും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ക്ഷണം നിരസിച്ചിട്ടുണ്ട്.

Hot Topics

Related Articles