കാസർഗോഡ്:തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വർഷങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പതിനാലാം വയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായും, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കും കൊണ്ടുപോയി നിരവധി പേരാണ് പതിനാറുകാരനെ പീഡിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്.പ്രതികള്‍ തമ്മില്‍ ബന്ധമുള്ളവരല്ലെന്നും ഡേറ്റിംഗ് ആപ്പിലൂടെയാണ് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടി സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് തുറന്നത് എങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണവും പുരോഗമിക്കുന്നു. അറസ്റ്റിലായ 23 കാരനാണ് കുട്ടിയെ ആപ്പിലേക്കു നയിച്ചതെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഡേറ്റിംഗ് ആപ്പിനുംതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത്തരം ആപ്പുകളില്‍ കൂടുതല്‍ കര്‍ശനമായ നിരീക്ഷണം നടപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഉപയോക്താവ് നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ആപ്പുകളില്‍ പ്രായം സ്ഥിരീകരിക്കുന്നത്. കെവൈസി സംവിധാനങ്ങളില്ലാത്തതിനാല്‍ തന്നെ പലരും വ്യാജവിവരങ്ങള്‍ നല്‍കി പ്രവേശിക്കുന്ന സാഹചര്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.പതിനാറുകാരനെ പീഡിപ്പിച്ചത് രാഷ്ട്രീയ നേതാവും, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും, ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 14 പേരാണെന്ന് വിവരം. കഴിഞ്ഞ ദിവസം പതിനാറുകാരന്റെ വീട്ടിലെത്തിയ ഒരാളെ കണ്ടതാണ് കേസിലേക്കെത്തിയത്. കുട്ടിയുടെ അമ്മയോട് സംശയം തോന്നിയതോടെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. തുടര്‍ന്ന് അമ്മ ചന്തേര പോലീസില്‍ പരാതി നല്‍കി.പരാതിയെ തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ്സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നല്‍കിയിട്ടുണ്ട്.