ഖത്തറിൽ അർജന്റീനൻ സാധ്യതകൾ..! ഇനിയുള്ള നാലു കളികൾ നിർണ്ണായകം; അർജന്റീനയുടെ രണ്ടാം റൗണ്ട് സാധ്യതകൾ ഇങ്ങനെ; സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം ജസ്റ്റിൻ ജോർജ് വിലയിരുത്തുന്നു

ഖത്തർ 2022

ജസ്റ്റിൻ ജോർജ്


2018 ലെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീം അംഗം. 2021 ലെ ഐഎസ്എൽ നേടിയ ഗോകുലം കേരള ടീം അംഗം. നിലവിൽ ഐലീഗിലെ റിയൽ കാശ്മീർ ടീം അംഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകാശനീലക്കുപ്പായത്തിൽ അർജന്റീന ഖത്തറിന്റെ മണ്ണിൽ ഉണ്ടാകുമോ..? ആദ്യ മത്സരത്തിൽ സൗദിയോടേറ്റ അപ്രതീക്ഷിത തോൽവിയ്ക്കു പിന്നാലെ ഫുട്‌ബോൾ ലോകം ഒന്നടങ്കം ഉറ്റു നോക്കുന്നത് മെസിപ്പടയുടെ പോരാട്ടവീര്യത്തിലാണ്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് അർജന്റീന മെക്‌സിക്കോയെ നേരിടുന്നത്. ഗ്രൂപ്പിൽ ഇനി നടക്കുന്ന നാലു മത്സരങ്ങളുടെയും ഫലം അർജന്റീനയ്ക്ക് നിർണ്ണായകമാണ്. നിലവിൽ ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് അർജന്റീന. ഗോൾ ശരാശരിയാകട്ടെ നെഗറ്റീവും. ഒരൊറ്റ പോയിന്റ് പോലും കൈമുതലായുമില്ല. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ മൂന്നു പോയിന്റുള്ള സൗദിയാണ്.

നവംബർ 26
വൈകിട്ട് 6.30
പോളണ്ട് -സൗദി
ഈ മത്സരം അർജന്റീനയ്ക്കു മാത്രമല്ല പോളണ്ടിനും ഏറെ നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഒരു പോയിന്റ് മാത്രമാണ് ഉള്ളത്. അർജന്റീനയെ അട്ടിമറിച്ചെത്തിയ സൗദിയ്ക്കാകട്ടെ വിലപ്പെട്ട മൂന്നു പോയിന്റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സ്വന്തമായുണ്ട്. ഈ മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ചാൽ സൗദി സുഖമായി രണ്ടാം റൗണ്ടിലേയ്ക്കു കടക്കും. പോളണ്ട് പുറത്തുമാകും. എന്നാൽ, സൗദിയോട് തോറ്റ അർജന്റീന ആരാധകർ പോളണ്ട് – സൗദി മത്സരം ഗോൾ രഹിത സമനില ആകണമെന്നാണ് ആഗ്രഹിക്കുന്നത്. പോളണ്ട് സൗദി മത്സരം ഗോൾ രഹിത സമനില ആകുകയാണെങ്കിൽ സൗദിയ്ക്കു നാലും പോളണ്ടിന് രണ്ടും പോയിന്റാകും. ഇത് അടുത്ത രണ്ടു കളികളും വിജയിച്ചാലുള്ള അർജന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കും.

നവംബർ 27
രാത്രി 12.30
അർജന്റീന – മെക്‌സികോ
ജീവൻമരണപോരാട്ടത്തിന് തന്നെയാണ് അർജന്റീന ഇറങ്ങുന്നത്. വിജയത്തിൽ കുറഞ്ഞൊന്നും അർജന്റീനയ്ക്ക് ആഗ്രഹമില്ല. തോൽവിയോ സമനിലയോ പോലും അർജന്റീനയുടെ മുന്നോട്ടുള്ള വഴിയടയ്ക്കും.
എന്നാൽ, മെക്‌സിക്കോയ്ക്കും ഇന്നത്തെ ഫലം ഏറെ നിർണ്ണായകമാണ്. കഴിഞ്ഞ മത്സരത്തിലെ ഗോൾ രഹിത സമനിലയ്ക്ക് പിന്നാലെ മറ്റൊരു സമനില കൂടി ലഭിച്ചാൽ മെക്‌സിക്കോയുടെ നില പരുങ്ങലിലാകും. അവസാന മത്സരത്തിൽ സൗദിയ്‌ക്കെതിരെ വിജയം അത്യാവശ്യമായി വരും. ഈ സാഹചര്യത്തിൽ ഇന്ന് വിജയത്തിനു വേണ്ടി തന്നെയാകും മെക്‌സിക്കോ പൊരുതുക.

സമനില സമനില തെറ്റിക്കുമോ
ഇന്ന് നടക്കുന്ന മെക്‌സിക്കോ അർജന്റീന, പോളണ്ട് സൗദി മത്സരം സമനിലയിലായാൽ ഗ്രൂപ്പിൽ നിന്ന് രണ്ടാം റൗണ്ടിൽ കടക്കുന്ന ടീമിനെ കണ്ടെത്താൻ ഡിസംബർ ഒന്നിന് അർദ്ധരാത്രി വരെ കാത്തിരിക്കേണ്ടി വരും. ഇന്ന് രണ്ടു കളികളും സമനിലയിലായാൽ സൗദിയ്ക്ക് നാലും, പോളണ്ടിനും, മെക്‌സിക്കോയ്ക്കും രണ്ടു പോയിന്റ് വീതവും, അർജന്റീനയ്ക്ക് ഒരു പോയിന്റുമാകും. ഈ സാഹചര്യത്തിൽ ഡിസംബർ ഒന്നിന് നടക്കുന്ന മത്സരങ്ങളാകും രണ്ടാം റൗണ്ടിലേയ്ക്കുള്ള ടീമിനെ തീരുമാനിക്കുക.

ഡിസംബർ ഒന്ന്
രാത്രി 12.30
പോളണ്ട് അർജന്റീന
സൗദി മെക്‌സിക്കോ
ഇന്നു നടക്കുന്ന രണ്ടു മത്സരങ്ങളിലെ ഫലം അനുസരിച്ചിരിക്കും ഡിസംബർ ഒന്നിലെ കളികൾ. ഈ കളി വിജയിക്കുന്ന ടീമിന് രണ്ടാം റൗണ്ടിലേയ്ക്കു കടക്കാൻ ടിക്കറ്റ് ലഭിക്കും. രണ്ടു മത്സരങ്ങളിലും വിജയിച്ചെങ്കിൽ മാത്രമേ അർജന്റീനയ്ക്ക് മറ്റുള്ള ഫലങ്ങളെ ആശ്രയിക്കാതെ രണ്ടാം റൗണ്ടിലേയ്ക്കു കടക്കാൻ സാധിക്കൂ.

Hot Topics

Related Articles