പാര്‍ക്കില്‍ കളിക്കവേ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ റോട്ട്‌വീലര്‍ നായകള്‍; ഗുരുതര പരിക്ക്; അഴിച്ചുവിട്ട ഉടമ അറസ്റ്റില്‍

ചെന്നൈ : റോട്ട്‌വീലർ നായകളുടെ ആക്രമണത്തില്‍ ചെന്നൈയില്‍ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കില്‍ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ രണ്ട് നായകള്‍ ആക്രമിച്ചത്. കുട്ടിയുടെ തലയിലാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവർ ഒരുവിധത്തില്‍ കുട്ടിയെ നായകളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. നായകളുടെ ഉടമയെയും നായകളെ പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാർക്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് റോട്ട്‌വീലർ നായകളുടെ ആക്രമണം ഉണ്ടായത്. ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ പാർക്കിലാണ് സംഭവം. സുദക്ഷ എന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമിക്കപ്പെട്ടത്.

പാർക്കിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളാണ് കുട്ടി. പാർക്കിലെത്തിയ ശേഷം ഉടമ നായകളെ അശ്രദ്ധമായി അഴിച്ചുവിട്ടെന്ന് പൊലീസ് പറഞ്ഞു. നായകള്‍ കുട്ടിയെ ആക്രമിച്ചിട്ടും ഉടമ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നായകളുടെ ഉടമയെയും പരിപാലിക്കുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തെന്ന് സീനിയർ പൊലീസ് ഓഫീസർ ശേഖർ ദേശ്മുഖ് പറഞ്ഞു. പാർക്കിലെ സിസിടിവിയില്‍ നിന്നും ആക്രമണ ദൃശ്യം ലഭിച്ചു. സുദക്ഷ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിറ്റ്ബുള്‍, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്സ് എന്നിവയുള്‍പ്പെടെ 23 ഇനം നായകളുടെ വില്‍പ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ ഉടനെ ഇവയെ വന്ധ്യംകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles