പെർത്ത്: രോഹിത്തും കോഹ്ലിയും ഗില്ലും പത്ത് ഓവറിനുള്ളിൽ വീണതോടെ ഓസീസിന് എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. 8.5 ഓവറിൽ രോഹിത്തും കോഹ്ലിയും ഗില്ലും വീണതോടെ 25 ന് മൂന്ന് എന്ന നിലയിൽ ഇന്ത്യ തകർന്നു. ഇടയ്ക്ക് മഴയെത്തി കളിയുടെ മൊമെന്റം കളഞ്ഞതാണ് ഇന്ത്യയ്ക്ക് അൽപം ആശ്വാസമായത്. ഇല്ലെങ്കിൽ സ്ഥിതി വീണും ഗുരുതരമായേനേ. നിലവിൽ വിവരം കിട്ടുമ്പോൾ അക്‌സർ പട്ടേലും (0), ശ്രേയസ് അയ്യരുമാണ് (3) ക്രീസിൽ.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. രോഹിത്തും ഗില്ലുമാണ് ബാറ്റിംങ് ഓപ്പൺ ചെയ്തത്. കൃത്യമായ ടച്ച് കിട്ടാതെ ക്രീസിൽ വിഷമിക്കുന്ന രോഹിത്തിനെയാണ് ആദ്യം കണ്ടത്. വേഗം കുറഞ്ഞ ഔട്ട് ഫീൽഡ് കൂടി ആയതോടെ റണ്ണൊഴുക്ക് വളരെ വേഗം കുറഞ്ഞു. മൂന്നാം ഓവറിന്റെ നാലാം പന്തിൽ ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നേരിട്ടു. 14 പന്തിൽ നിന്നും ഒരു ഫോർ അടക്കം എട്ട് റൺ മാത്രം നേടിയ രോഹിത് പുറത്ത്. ഹൈസൽവുഡിന്റെ പന്തിൽ റെൻഷോയ്ക്ക് ക്യാച്ച് നൽകിയിയായിരുന്നു രോഹിത്തിന്റെ മടക്കം. എട്ട് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും കിംങും വീണു. എട്ട് പന്ത് ബാറ്റ് ചെയ്‌തെങ്കിലും കോഹ്ലിയ്ക്ക് ഒരു റൺ പോലും നേടാൻ സാധിച്ചിരുന്നില്ല. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കനോലിയ്ക്കായിരുന്നു വിക്കറ്റ്. ഇന്ത്യൻ പ്രതിരോധവും പ്രതീക്ഷകളും മുഴുവൻ ആരാധകർ ഗില്ലിലേയ്ക്ക് കൈമാറ്റം ചെയ്ത സമയത്തായിരുന്നു അപ്രതീക്ഷിതമായി ഗില്ലിന്റെ വിക്കറ്റ്. വിക്കറ്റ് കീപ്പർ ഫിലിപ്പെയുടെ ക്യാച്ചിൽ ഗിൽ പുറത്താകുമ്പോൾ , എല്ലീസിനായിരുന്നു വിക്കറ്റ്. 18 പന്തിൽ രണ്ട് ഫോർ സഹിതം 10 റണ്ണാണ് ഗിൽ നേടിയിരുന്നത്. നിലവിൽ അയ്യരും അക്‌സർ പട്ടേലുമാണ് ക്രീസിൽ.


