അരി വിതരണം മുടങ്ങി;എഫ്‌സിഐ–വിദ്യാഭ്യാസ വകുപ്പുകളുടെ കാലതാമസം മൂലം സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി രൂക്ഷമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം മുടങ്ങിയിട്ട് ഒന്നരമാസം. വിദ്യാഭ്യാസ വകുപ്പും എഫ്‌സിഐ വകുപ്പും തമ്മിൽ നടത്തുന്ന നടപടിക്രമത്തിലുണ്ടായ കാലതാമസമാണ് അരിവിതരണം മുടങ്ങാൻ കാരണമെന്നാണ് പറയുന്നത്. എന്നാൽ താൽക്കാലിക പ്രതിസന്ധി മാത്രമാണിതെന്നാണ് അധികൃതരുടെ വാദം.ഇപ്പോൾ സ്കൂളുകളിൽ മാവേലി സ്‌റ്റോറുകൾ വഴിയാണ് അരിവിതരണം ചെയ്യുന്നത്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണമെനുവൊക്കെ ഉണ്ടെങ്കിലും നിലവിൽ അരി പോലും ഇല്ലാത്ത അവസ്‌ഥയാണ് മിക്ക സ്‌കൂളുകളിലും. അതിനാൽ തന്നെ അരി കണ്ടെത്താനായുള്ള നെട്ടോട്ടത്തിലാണ് പ്രധാന അധ്യാപകർ.

Advertisements

ഡിഡിഇ നൽകുന്ന കുട്ടികളുടെ കണക്കിന്റെ അടിസ്‌ഥാനത്തിലാണ് എഫ്സിഐ അരി അനുവദിക്കുന്നത്. എന്നാൽ കണക്ക് നൽകുന്നത് വൈകിയതോടെയാണ് അരിവിതരണം മുടങ്ങിയത്.സാധാരണ ഒരു മാസം പകുതിയാവുമ്പോൾ തന്നെ അടുത്തമാസത്തെ അരി സ്‌കൂളുകളിൽ എത്താറുണ്ട്. അരി ലഭിക്കാത്തതിനാൽ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി അരി വാങ്ങിയാണ് അധ്യാപകർ ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഒരു കുട്ടിക്ക് എൽപി വിഭാഗത്തിൽ 100 ഗ്രാമും യുപിയിൽ 150 ഗ്രാം അരിയുമാണ് കണക്കാക്കുന്നത്. എന്നാൽ സപ്ലൈകോ ഡിപ്പോകളിൽ അരി എത്തിയിട്ടുണ്ടെന്നും അടുത്തദിവസം മുതൽ വിതരണം പുനരാംരഭിക്കുമെന്നാണ് അധികൃതരുടെ വാദം.

Hot Topics

Related Articles