ന്യൂഡൽഹി:ദീപാവലി ആഘോഷത്തിനായി നാട്ടിലെത്താൻ യാത്ര തിരിച്ച നൂറോളം ഇന്ത്യക്കാർ എയർ ഇന്ത്യ സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങി. മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ 138 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്.വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സർവീസ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തിനോട് ചേർന്നുള്ള ഹോട്ടലുകളിലും സമീപ പ്രദേശങ്ങളിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.ദീപാവലിക്ക് മുമ്പായി നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് പലരും യാത്ര ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഒക്ടോബർ 20-നോ അതിനുശേഷമോ മാത്രമേ മറ്റു വിമാനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാകൂവെന്നതാണ് യാത്രക്കാരുടെ കനത്ത നിരാശ.
കുടുംബത്തോടൊപ്പം നാളുകൾക്കുശേഷം ദീപാവലി ആഘോഷിക്കാനെന്ന സ്വപ്നമാണ് അപ്രതീക്ഷിതമായി അസ്തമിച്ചത്.എയർ ഇന്ത്യ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തി. എല്ലാ യാത്രക്കാർക്കും ഭക്ഷണവും ആവശ്യമായ സഹായങ്ങളും നൽകുന്നുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.യാത്രക്കാരിൽ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ എയർ ഇന്ത്യയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. ഏറെ നാളത്തെ പ്ലാനിംഗിന് ശേഷമാണ് നാട്ടിലേക്കുള്ള യാത്ര തുടങ്ങിയത് എന്നതും, ഇത്തരം സംഭവങ്ങൾ യാത്രക്കാരെ വലിയ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടിലാക്കുന്നതുമാണ് ഇവരുടെ അഭിപ്രായം.


