ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന

ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ
വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി

ശബരിമല: ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപ്പകല്‍ ഭേദമന്യേ ശുചീകരണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. 

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്‌സണും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1995ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്.
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. സേനാംഗങ്ങള്‍ക്ക് 450 രൂപ ദിവസ വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവയും നല്‍കുന്നു. 

സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ഗ്രാന്റും ഉപയോഗിച്ചാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു ഉത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.
സന്നിധാനത്ത് 300 ഉം പമ്പയില്‍ 300ഉം നിലയ്ക്കല്‍ 350ഉം പന്തളത്തും കുളനടയിലുമായി 50 പേരും ഉള്‍പ്പെടെ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരോ ഷിഫ്റ്റിലും 305 പേര്‍ വീതം മൂന്നു ഷിഫ്റ്റുകളിലായാണ് ശുചിത്വ പരിപാലനത്തിന് നിയോഗിച്ചിട്ടുള്ളത്. 

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ച് ചെറുസംഘങ്ങളായാണ് ശുചീകരണം. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്.

കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലും നിയോഗിച്ചിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേട്ടുമാരും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുമാണ് താഴെത്തട്ടില്‍ വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

പോലീസ് സേനയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണത്തിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നുണ്ട്.
പൂങ്കാവനത്തെ പരിശുദ്ധമായി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷന്‍ഗ്രീന്‍ ശബരിമല എന്ന പേരില്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, നവകേരള മിഷന്‍, അയ്യപ്പസേവാസംഘം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബോധവത്ക്കരണവും നടത്തി വരുന്നു.

Hot Topics

Related Articles