കെകെ ശൈലജയുടെ വീഡിയോ വിവാദം; വിശദമായ മറുപടിയുമായി ഷാഫി പറമ്പില്‍; ഇത്രയും ദിവസം തനിക്കെതിരെ തുറന്ന പോര് നടത്തിയവര്‍ മാപ്പ് പറയുമോ എന്ന് ഷാഫി

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന വിവാദം ഒരാഴ്ചയോളം കത്തിനിന്ന ശേഷം ഇന്ന് കെകെ ശൈലജ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തിയ സാഹചര്യത്തില്‍ വിശദമായ മറുപടിയുമായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ചുള്ള പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ താൻ പറഞ്ഞതെന്ന് കെകെ ശൈലജ ഇന്ന് വ്യക്തമാക്കിയതോടെയാണ് വിവാദത്തിന് വഴിത്തിരിവായത്. ഇതോടെ ഇത്രയും ദിവസം തനിക്കെതിരെ തുറന്ന പോര് നടത്തിയവര്‍ മാപ്പ് പറയുമോ എന്ന ചോദ്യമാണ് ഷാഫി പറമ്പില്‍ ഉന്നയിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാംസ്കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കപ്പെടുന്നവര്‍ അടക്കം പലരും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പോസ്റ്റിട്ടു, അതിര് കടന്ന വാക്പ്രയോഗങ്ങള്‍ വരെയുണ്ടായി, അതിലെല്ലാം മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആരെങ്കിലും തയ്യാറാകുമോ, ജനം സത്യം മനസിലാക്കിയിട്ടുണ്ടെന്ന് നേരത്തെ ഉറപ്പായതാണ്, അത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് മനസിലാകും, അങ്ങനെയൊരു വീഡിയോ ഇല്ലെന്നറിയുന്നത് സന്തോഷം തന്നെയാണ്, അത് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു, വീഡിയോ ഉണ്ടാകരുത് എന്നുതന്നെയായിരുന്നു ആഗ്രഹിച്ചതും, എന്നാല്‍ ഇത്രയധികം അധിക്ഷേപം തനിക്ക് നേരിടേണ്ടി വന്നു- ഷാഫി പറമ്പില്‍ പറയുന്നു. 

തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതിന് കൂട്ടു നില്‍ക്കുവെന്നുമായിരുന്നു ഒരാഴ്ച മുമ്പ് കെകെ ശൈലജ പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. ഇതിന് പിന്നാലെ വിഷയം സൈബറിടത്തില്‍ വലിയ ചര്‍ച്ചയായി.   

താൻ ആണ് വീഡിയോ ഉണ്ടാക്കിയത് എന്നൊക്കെ സമൂഹമാധ്യമങ്ങളില്‍ കണ്ടു, തീവ്ര ഇടത് പ്രൊഫൈലുകളും ഇടത് താത്പര്യം സംരക്ഷിക്കുന്ന ചില ‘സാംസ്കരിക പ്രവർത്തകരും’ മാത്രമാണ് തനിക്കെതിരെ തിരിഞ്ഞത്, ആരോപണങ്ങള്‍ മാനസിക വിഷമം ഉണ്ടാക്കിയിട്ടില്ല, വ്യക്തിഹത്യ നടത്തി ജയം നേടാൻ ആഗ്രഹിച്ചിട്ടില്ല, 

അവനവന്‍റെ രാഷ്ട്രീയ നേട്ടത്തിന് മാത്രം വ്യക്തിഹത്യയെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

Hot Topics

Related Articles