ബിജെപിയുടെ നിയമസഭാ തിരെഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; തൃശൂരിൽ പദ്മജ വേണു​ഗോപാൽ മത്സരിക്കും; പാലക്കാട്ട് എത്തുക ശോഭാ സുരേന്ദ്രൻ 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണു​ഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. എന്നാൽ പാർട്ടിയിൽ നിന്ന് അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പദ്മജ പ്രതികരിച്ചു. നേരത്തെ, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജയെ മത്സരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇവിടെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥിയായി കെ മുരളീധരനും രം​ഗത്തെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. 

Advertisements

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനുമാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരി​ഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരം​ഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും.

നേമത്ത് പ്രചാരണത്തിന് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.

എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയായ എംഎൽഎ തികഞ്ഞ പരാജയമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Hot Topics

Related Articles