ആലപ്പുഴ: കുവൈത്ത് ആസ്ഥാനമായുള്ള റിയാദുസ്വാലിഹീൻ സംസ്ഥാനതല ഖുർആൻ പാരായണ മത്സരം ഞായറാഴ്ച ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് നാലുവരെയാണ് മത്സരം. വിവിധഘട്ടങ്ങളിലായി നടന്ന പ്രാഥമികമത്സരങ്ങളിൽ പങ്കെടുത്ത ആയിരത്തോളം കുട്ടികളിൽനിന്ന് തെരഞ്ഞെടുത്ത 43 കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ളവർക്ക് പുറമേ ജർമിനി, ഈജിപ്ത്, യു.കെ, സൗദി, ദുബൈ അടക്കമുള്ള രാജ്യങ്ങളിലെ കുട്ടികളും പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 8.5 ലക്ഷം രൂപ സമ്മാനമായി കിട്ടും. ഖുർആൻ മുന്നോട്ടുവെക്കുന്ന മാനവിക സന്ദേശങ്ങൾ പുതിയ തലമുറക്ക് പകർന്നുനൽകുകയെന്നതാണ് ലക്ഷ്യം. രാവിലെ എട്ടിന് മത്സരത്തിന്റെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മൗലാന അബ്ദുറഹ്മാൻ ഹസ്രത്ത് നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ ഷാജഹാൻ രാജധാനി അധ്യക്ഷത വഹിക്കും. മൗലവി എ.കെ. അബ്ദുൽ കബീർ അൻവരി മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് നാലിന് ചേരുന്ന സമാപന സമ്മേളനവും സമ്മാനദാനവും പാണക്കാട് ഷഹീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. റിയാദുസ്വാലിഹീൻ ചെയർമാൻ അഷറഫ് അയ്യൂർ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൂടിയാലോചന സമിതി അംഗവും ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, ജംഇയ്യത്തുൽ ഉലമായ് ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ അൽഖാസിമി, അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് നിർവാഹക സമിതി അംഗം അബ്ദുൽ ശക്കൂർ അൽ ഖാസിമി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സ്വാതസംഘം ചെയർമാൻ ഷാജഹാൻ രാജധാനി, അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോബോർഡ് നിർവാഹക സമിതി അംഗം അബ്ദുൽ ശക്കൂർ അൽ ഖാസിമി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. സൈജു ഖാലിദ്, നിസാം കണ്ടത്തിൽ, വാഹിദ് കറ്റാനം എന്നിവർ പങ്കെടുത്തു
സംസ്ഥാനതല ഖുർആൻ പാരായണ മത്സരം ഞായറാഴ്ച ആലപ്പുഴ ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ

Advertisements

