പാലക്കാട്: തമിഴ്നാട്ടിലെ ധർമപുരിയില്‍ നിന്ന് തണ്ണിമത്തനടിയില്‍ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിൻ്റെ പിടിയിലായത്. സ്ഫോടക ശേഖരം കൊണ്ടുവന്നത് ആർക്കുവേണ്ടി എന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
കർണാടക – തമിഴ്നാട് അതിർത്തിയിലെ ധർമപുരി ജില്ലയിലെ ഹരൂരില്‍ നിന്നാണ് കേരള അതിർത്തിയിലേക്ക് സ്ഫോടകശേഖരവുമായി മിനി ലോറി എത്തിയത്. സ്ഫോടക വസ്തുക്കള്‍ നിറച്ച പെട്ടികള്‍ അടുക്കിവെച്ച് അതിന് മുകളില്‍ പഴങ്ങളോ പച്ചക്കറികളോ കയറ്റി ഒളിപ്പിക്കുകയായിരുന്നു. അതിർത്തി കടക്കും മുൻപ് ഒന്നില്‍ കൂടുതല്‍ ഡ്രൈവർമാർ മാറി മാറിയാണ് വാഹനം ഓടിച്ചിരുന്നത്. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന നിർദേശാനുസരണം ഡ്രൈവർമാർ ഒഴിഞ്ഞ സ്ഥലത്തു വാഹനം പാർക്ക് ചെയ്ത് താക്കോല്‍ വാഹനത്തില്‍ വെച്ചു മടങ്ങും. അവിടെ നിന്നും മറ്റൊരു ഡ്രൈവർ കയറും. പൊലീസ് പിടിച്ചാലും സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നു കൊണ്ടുവരുന്നുവെന്നൊ എവിടേക്കു കൊണ്ടു പോകുന്നെന്നോ ഡ്രൈവർമാരില്‍ നിന്ന് അറിയാതിരിക്കാനാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്രൈവർമാരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാൻ അകമ്പടിയായി കാറും പിന്നാലെ വരും. ധർമപുരിയില്‍ നിന്നു പുറപ്പെട്ട ലോറി ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളില്‍ നിർത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലുള്ള സെന്തില്‍ കുമാർ കോയമ്പത്തൂരില്‍ നിന്നാണു കയറിയത്. പാലക്കാട് തൃശൂർ അതിർത്തിയില്‍ നിർത്തിയിടാനായിരുന്നു സെന്തില്‍കുമാറിന് ലഭിച്ചിരുന്ന നിർദേശം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്‍ തണ്ണിമത്തനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറി ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ഡ്രൈവർ സെന്തില്‍കുമാറില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അകമ്പടിയായി വന്ന കാർ ഡ്രൈവർ ദുരൈരാജും വലയിലായത്.
100ലധികം പെട്ടികളിലായി പതിനെണ്ണായിരം ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. അതേസമയം, സ്ഫോടക വസ്തുക്കള്‍ എവിടേക്കാണെന്നോ ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നോ പൊലീസിന് വ്യക്തതയില്ല. ഇതിനായി റിമാൻഡിലായിരുന്ന മിനിലോറി ഡ്രൈവർ സെന്തില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പിടിയിലായ ദുരൈരാജിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയും അടുത്ത ദിവസം നല്‍കും.


