തിരുവല്ല : സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്ക് എത്തിച്ച 2.50 കിലോ കഞ്ചാവുമായി തിരുവല്ലയിൽ ഒഡീഷ സ്വദേശിയായ കഞ്ചാവ് മൊത്ത വിതരണക്കാരൻ പിടിയിൽ. ഒഡീഷ ഖൊരപൂട്ട് സ്വദേശി സഞ്ജീവ് കില ( 26 ) യെയാണ് തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞദിവസം രണ്ട് കിലോ കഞ്ചാവുമായി തിരുവല്ലയിൽ നിന്നും ഒഡീഷാ സ്വദേശിയെ ഇതേ എക്സൈസ് സംഘം പിടികൂടിയിരുന്നു.
തിരുവല്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായി ഇതര സംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതായി പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. പ്രദീപിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം നടത്തിയ രഹസ്യ നീക്കത്തിന് ഒടുവിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത് . സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൺലൈൻ യുപിഎ ഇടപാടുകൾ വഴി മുൻകൂർ പണം നൽകുന്നവർക്ക് മാത്രമാണ് ഇയാൾ കഞ്ചാവ് വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തു തവണ ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ദേഹ പരിശോധനയ്ക്ക് പത്തനംതിട്ട അസി.എക്സൈസ് കമ്മിഷണർ രാജീവ് നേതൃത്വം നൽകി. പ്രതിയുടെ അന്തർ സംസ്ഥാന ബന്ധത്തെ സംബന്ധിച്ച് എക്സൈസ് വിശദമായി അന്വേഷണം നടത്തും.
പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫിസർ ബി.ബിജു , സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ , ഷാദിലി , ശിഖിൽ , ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു.