ഇരുവള്ളിപ്ര – അംഗനവാടി റോഡ് ഇടിഞ്ഞു പോയിട്ട് ഒരു വർഷം : ഇടിഞ്ഞു പോയ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ

തിരുവല്ല : കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയി ഗതാഗതം നിലച്ച തിരുവല്ല മുനിസിപ്പാലിറ്റിയിലെ പ്രധാനപ്പെട്ട റോഡ് നന്നാക്കുവാൻ അധികൃതർ തയ്യാറാകാത്തത്തിൽ നാട്ടുകാർ പ്രതിഷേധത്തിൽ.
തിരുവല്ല മുനിസിപ്പാലിറ്റിയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ പതിനേഴാം വാർഡിലെ ഇരുവള്ളിപ്ര – അംഗനവാടി റോഡാണ് ഇടിഞ്ഞു പോയിട്ടും അധികൃതർ നന്നാക്കാത്തത്.
350 ഓളം വീട്ടുകാരും ഇടമനത്തറ കോളനി നിവാസികളും അംഗനവാടിയിൽ പോകുന്നവർ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡിനാണ് ഈ ദുരവസ്ഥ.
റോഡ് തകർന്നതുമൂലം ഗതാഗതം നിലച്ച ഈ ഭാഗത്ത് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്.

റോഡ് ഇടിഞ്ഞു പോയ ഭാഗത്ത് ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ നിക്ഷേപിക്കുന്നത് മൂലം സമീപവാസികൾക്ക് ദുർഗന്ധം കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യവും, റോഡിൽ കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് അപായ സൂചന ബോർഡ് വെക്കാത്തത് മൂലം നിരവധി ആളുകൾക്ക് ഈ കുഴിയിൽ വീണ് പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഈ റോഡ് പൂർവസ്ഥിതിയിൽ ആക്കണം എന്ന് ആവശ്യപ്പെട്ട് മുൻസിപ്പൽ സെക്രട്ടറിയോട് ജനപ്രതിനിധികളോടും ഈ റോഡിന്റെ ദുരവസ്ഥ ബോധിപ്പിച്ചിട്ടും യാതൊരു നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുൻസിപ്പാലിറ്റിക്ക് മുമ്പിൽ സത്യാഗ്രഹം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായി ആക്ഷൻ കൗൺസിൽ നേതാക്കളായ വി ആർ രാജേഷ്, തീരം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം ജി തോമസ്, സെബാസ്റ്റ്യൻ വർഗീസ്, യോഹന്നാൻ കെ വൈ, സോജാ കാർഡോസ്, എം ജി സോമൻ പള്ളത്ത്, വർഗീസ് ജോയ്, സുരേഷ് ജോസഫ്, തങ്കച്ചൻ പുല്ലാഴി, മത്തായി കെ വൈ, മോനിച്ചൻ മുളമൂട്ടിൽ, ബിന്ദു മത്തായി, കുട്ടായി മുല്ലശ്ശേരി, തമ്പി നെടുംതറയിൽ, നിഷ മുല്ലശ്ശേരി, അല്ലേഷ് നെടുംതറയിൽ എന്നിവർ അറിയിച്ചു.

Hot Topics

Related Articles