ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് വീട്ടമ്മ മരിച്ചു. പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ കെ.രാജേന്ദ്രൻ നായരുടെ ഭാര്യ വി.എസ്.കുമാരി ഷീബ (57) ആണ് മരിച്ചത്.തിരുവനന്തപുരത്തേക്കു പോകാൻ മകള്‍ക്കൊപ്പംകെ‍ാച്ചുവേളി-നാഗർകോവില്‍ പാസഞ്ചറില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 7.50ന് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. മൂത്ത മകള്‍ ലക്ഷ്മിയുടെയും ഭർത്താവ് അരുണിന്റെയും വീട്ടിലേക്കു പോകാനാണ് ഇളയ മകള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയത്. ഓടിക്കയറുന്നതിനിടെ ഷീബ ട്രാക്കിലേക്ക് വീണുപോവുകയായിരുന്നു.പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട ഇവരെ പിടിച്ചുകയറ്റാൻ വാതില്‍ക്കല്‍ നിന്ന യാത്രക്കാരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് കുമാരിയുടെ കാലറ്റു. ആദ്യം കയറിയതിനാല്‍ അമ്മ അപകടത്തില്‍പെട്ട വിവരം മകള്‍ അറിഞ്ഞില്ല. ഉടനടി ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച്‌ മകള്‍ അറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഷീബ മരിച്ചു.

Hot Topics

Related Articles