സേനാവിഭാഗങ്ങള്‍ രാജ്യമൊട്ടാകെ ഇന്ന് വിജയദിനം ആഘോഷിച്ചു. 1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ് വിജയദിനം ആചരിക്കുന്നത്.
തിരുവനന്തപുരം പാങ്ങോട് സൈനിക ആസ്ഥാനത്തെ
യുദ്ധസ്മാരകത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ, 1971 യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള വിരമിച്ച കേണൽ ആർ.ജി.നായർ, വിവിധ റെജിമെന്‍റ് വിഭാഗങ്ങളിലെ കമാണ്ടിങ് ഓഫീസര്‍മാരും വിവിധ സേനാവിഭാഗങ്ങളും പുഷ്പചക്രം സമര്‍പ്പിച്ചു.
വിമുക്തഭടന്മാരും, എൻ.സി.സി കേഡറ്റുകളും, സ്കൂൾ കുട്ടികളും, ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1971-ലെ ഇന്‍ഡോ-പാക്ക് യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് പാക്കിസ്ഥാനിലെ ലഫ്റ്റനന്‍റ് ജനറല്‍ നിയാസിയും 90000 പട്ടാളക്കാരും ഭാരതത്തിന്‍റെ അന്നത്തെ പൂര്‍വ്വ മേഖലാ കമാന്‍റ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ജെ. എസ് അറോറയുടെ മുന്നില്‍ കീഴടങ്ങിയ ചരിത്രപ്രസിദ്ധമായ സംഭവം നടന്നത് ഈ ദിവസമാണ്. പ്രസ്തുത യുദ്ധത്തില്‍ ഭാരതത്തിനുവേണ്ടി വീരമൃത്യു വരിച്ച സേനാംഗങ്ങള്‍ക്ക് ഈ ദിനത്തില്‍ വിവിധ സേനാവിഭാഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
‘ഷഹീദോം കോ സലാമി ശാസ്ത്രയും’ ‘ശോക് ശാസ്ത്രയും’ ഉള്‍പ്പെടെയുള്ള അനുസ്മരണ പരേഡ് നടത്തുകയും ലാസ്റ്റ് പോസ്റ്റ് ആലപിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, സൈനികരും ചടങ്ങില്‍ പങ്കെടുത്തു.