കോട്ടയം പരുത്തുംപാറയിൽ രണ്ട് സ്‌കൂളുകളിൽ മോഷണവും മോഷണ ശ്രമവും നടന്നു; പരിശോധന ആരംഭിച്ച് പൊലീസ്

കോട്ടയം: പരുത്തുംപാറയിൽ രണ്ട് സ്‌കൂളുകളിൽ മോഷണം. പാച്ചിറ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും കുഴിമറ്റം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലുമാണ് മോഷണം നടന്നത്. പാച്ചിറ മാതാ സ്‌കൂളിന് സമീപത്തെ കോണ്‍വെന്റിലും മോഷണം ശ്രമം നടന്നു. പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലത്തിന് സമീപമുള്ള കോണ്‍വെന്റിന്റെ സ്റ്റോര്‍ റൂം, കാര്‍ഷിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി എന്നിവയുടെ താഴ് തകര്‍ന്ന് കിടക്കുന്നത് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ഇതേ മഠത്തിലെ അന്തേവാസിയും സമീപം പ്രവര്‍ത്തിക്കുന്ന മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹെഡ്മിസ്ട്രസുമായ സിസ്റ്റര്‍ പവന സ്‌കൂളില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌കൂളിലെ ഓഫീസ് മുറിയുടെയും, അകത്തെ അലമാരയുടെയും താഴ് തകര്‍ത്ത് കുത്തി തുറന്ന നിലയിലാണ് കാണപ്പെട്ടത്. ഓഫീസ് മുറിയിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, സ്‌കൂള്‍ ബാഗ്, കീ ചെയിന്‍, കുപ്പികള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. പണം അടക്കം വിലപിടിപ്പുള്ള മറ്റ് യാതൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ലെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. തുടർന്ന് ഇവർ ചിങ്ങവനം പോലീസില്‍ പരാതി നല്‍കി.

Advertisements

ഇന്നലെ രാത്രിയിലാണ് കുഴിമറ്റം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിൽ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പ്രധാന വാതിലിന്റെ ഇരുമ്പ് താഴ് തകര്‍ത്ത മോഷ്ടാക്കള്‍ ഓഫീസിനുള്ളിലെ സ്റ്റീല്‍ അലമാരകള്‍ തുറന്ന് തിരച്ചില്‍ നടത്തിയിട്ടുണ്ട്. ഒരു അലമാരയിലെ ഫയലുകളും പേപ്പറുകളും നീക്കിവച്ച നിലയിലാണ് കാണപ്പെട്ടത്. കൂടാതെ കുട്ടികള്‍ ചെറിയ തുകകള്‍ നിക്ഷേപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കുടുക്കകളും തകര്‍ത്തിട്ടുണ്ട്. അവയിലെ ചില്ലറത്തുട്ടുകള്‍ ഒഴികെയുള്ളവ അപഹരിച്ചു. ഓഫീസ് മുറിയിലെ കംപ്യൂട്ടറിനോ മറ്റ് ഉപകരണങ്ങള്‍ക്കോ നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയില്ല. ഹെഡ്മിസ്ട്രസ്സ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും രാത്രി പരിശോധന കര്‍ശനമാക്കുമെന്ന് എസ്.എച്ച്.ഒ. ആര്‍ പ്രകാശ് പറഞ്ഞു.

Hot Topics

Related Articles